Friday, June 12, 2026

വയനാട്ടില്‍ ഏഴ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ ഏഴ് പേര്‍ക്ക് കൂടി ഷിഗെല്ല (Shigella) സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 16 ആയി ഉയര്‍ന്നു. നിലവില്‍ രോഗം സ്ഥിരീകരിച്ച കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ ഷിഗെല്ല കേസുകള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്താകെ ഈ വര്‍ഷം ഇതുവരെ 114 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചിട്ടുള്ളത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികളും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

ഷിഗെല്ല വിഭാഗത്തില്‍പെടുന്ന ബാക്ടീരിയകളാണ് ഷിഗെല്ലോസിസ് എന്ന് വിളിക്കുന്ന ഈ രോഗാണുബാധക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. എന്നാല്‍ ഇത് സാധാരണ വയറിളക്കത്തേക്കാള്‍ ഏറെ ഗുരുതരമാണ്. മലിനമായ ജലം, കേടായ ഭക്ഷണം എന്നിവ ഉപയോഗിക്കുന്നതിലൂടെയും പഴങ്ങളും പച്ചക്കറികളും നന്നായി കഴുകാതെ കഴിക്കുന്നതിലൂടെയുമാണ് രോഗം പ്രധാനമായും പകരുന്നത്. കൂടാതെ ഷിഗെല്ല അണുബാധിതരുമായി അടുത്ത് ഇടപഴകുന്നതും, രോഗബാധിതരായവര്‍ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതും രോഗവ്യാപനത്തിന് കാരണമാകുന്നു.

വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ ഷിഗെല്ല രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ പടരും. വയറിളക്കം, പനി, കടുത്ത വയറുവേദന, ഛര്‍ദ്ദി, വിട്ടുമാറാത്ത ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് ഷിഗെല്ലയുടെ പ്രധാന ലക്ഷണങ്ങള്‍. ഈ ബാക്ടീരിയകള്‍ പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത് എന്നതിനാലാണ് വയറിളക്കത്തോടൊപ്പം രക്തവും പുറംതള്ളപ്പെടുന്നത്. സാധാരണഗതിയില്‍ രണ്ട് മുതല്‍ ഏഴ് ദിവസം വരെയാണ് രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നത്. ചിലരില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കാനും സാധ്യതയുണ്ട്. രോഗം ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ച് വയസിന് താഴെയുള്ള കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മരണസാധ്യത കൂടുതലാണെന്നതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!