ഓട്ടവ: കാനഡ സർക്കാരിന്റെ പുതിയ അതിർത്തി-കുടിയേറ്റ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി LGBTQ+ അഭയാർഥികൾ. അഭയാർഥി അപേക്ഷകൾ സമർപ്പിക്കുന്നതിനായി ഒരു വർഷത്തെ സമയപരിധി നിശ്ചയിച്ചിരിക്കുന്ന പുതിയ നിയമമാണ് ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.
LGBTQ+ സമൂഹത്തിലെ പീഡനമനുഭവിക്കുന്നവരെ സുരക്ഷിത രാജ്യങ്ങളിലേക്ക് എത്തിക്കാൻ സഹായിക്കുന്ന സംഘടനയായ റെയിൻബോ റെയിൽറോഡ്, പുതിയ നിയമം പലർക്കും അവരുടെ അവസ്ഥ വിശദീകരിക്കാനുള്ള അവസരം പോലും നിഷേധിക്കുമെന്ന് ആരോപിച്ചു. സംഘടനയുടെ ചീഫ് പ്രോഗ്രാം ഓഫീസർ ഡെവൺ മാത്യൂസ്, അഭയാർഥിത്വം തേടാൻ വൈകിയതിനുള്ള വ്യക്തിഗത സാഹചര്യങ്ങൾ പരിഗണിക്കാതെയാണ് നിയമം നടപ്പാക്കുന്നതെന്ന് ചൂണ്ടിക്കാട്ടി.
കാനഡയിൽ എത്തിയ ശേഷം തങ്ങളുടെ സ്വത്വത്തെക്കുറിച്ചോ ലിംഗഭേദത്തെക്കുറിച്ചോ വെളിപ്പെടുത്താൻ ഒരു വർഷത്തിൽ കൂടുതൽ സമയം എടുക്കുന്നവർക്ക് അപേക്ഷ നൽകാൻ സാധിക്കില്ല എന്നതാണ് പുതിയ നിയമം. സ്വന്തം രാജ്യത്തെ ഭയം മൂലം പലർക്കും കാനഡയിലെത്തിയ ശേഷമേ തുറന്നുപറയാൻ സാധിക്കാറുള്ളൂ എന്നതിനാൽ ഇത് വലിയ തിരിച്ചടിയാണ്.

സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കപ്പെട്ടാൽ ജീവന് തന്നെ ഭീഷണിയുണ്ടാകുമെന്ന് അറിയാവുന്ന 2SLGBTQ+ വിഭാഗക്കാർക്ക് ഈ നിയമം മൂലം കാനഡയിൽ അഭയം ലഭിക്കാത്ത സാഹചര്യമുണ്ട്. മുൻപ് നേരിട്ട് വാദം കേട്ടിരുന്ന സ്ഥാനത്ത്, പുതിയ നിയമപ്രകാരം പേപ്പർ മുഖേനയുള്ള പരിശോധനകളിലേക്ക് കാര്യങ്ങൾ മാറുന്നു. ഇതിൽ അപ്പീൽ നൽകാനുള്ള അവസരങ്ങളും പരിമിതമാണ്
അതേസമയം, പുതിയ നിയമത്തെ ഭരണഘടനാപരമായി ചോദ്യം ചെയ്ത് കോടതിയിൽ ഹർജികളും സമർപ്പിക്കപ്പെട്ടിട്ടുണ്ട്. LGBTQ+ വ്യക്തികൾക്ക് സ്വന്തം ലൈംഗിക തിരിച്ചറിവ് അംഗീകരിക്കാനും തുറന്നുപറയാനും പലപ്പോഴും വർഷങ്ങൾ എടുക്കാറുണ്ടെന്നും, അതിനാൽ ഒരു വർഷത്തെ സമയപരിധി യാഥാർഥ്യബോധമില്ലാത്തതാണെന്നും നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ സർക്കാരിന്റെ വാദം താൽക്കാലിക വീസയുടെ കാലാവധി അവസാനിച്ചതിന് ശേഷം രാജ്യത്ത് തുടരാനുള്ള മാർഗമായി അഭയാർഥി അപേക്ഷകൾ ഉപയോഗിക്കുന്ന പ്രവണത തടയാനാണ് നിയമം കൊണ്ടുവന്നത്. അതേസമയം ഈ നിയമത്തിലൂടെ
യഥാർത്ഥത്തിൽ സംരക്ഷണം ആവശ്യമുള്ളവർക്ക് നീതി നിഷേധിക്കപ്പെടുന്നെന്ന് വിമർശകരും പറയുന്നു.
