അബുദാബി: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കായുള്ള പാസ്‌പോർട്ട്, വിസ, മറ്റ് കോൺസുലർ സേവനങ്ങളുടെ ഔട്ട്‌സോഴ്‌സിങ് ചുമതല പുതിയ ഏജൻസിക്ക് കൈമാറിയതായി അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. നിലവിൽ സേവനങ്ങൾ നൽകുന്ന ബിഎൽഎസ് ഇന്റർനാഷണലിനും എസ്‌ജിഐവിഎസ് ഗ്ലോബലിനും പകരമായി പ്രമുഖ ട്രാവൽ ഗ്രൂപ്പായ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിനെയാണ് പുതിയ ഔദ്യോഗിക സേവനദാതാവായി തെരഞ്ഞെടുത്തിരിക്കുന്നത്. ഔദ്യോഗിക ടെൻഡർ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.
ജൂലൈ 1 മുതൽ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ ഉൾപ്പെടെയുള്ള എല്ലാ കോൺസുലർ അപേക്ഷകളും അൽഹിന്ദിന്റെ പുതിയ കേന്ദ്രങ്ങൾ വഴിയായിരിക്കും സ്വീകരിക്കുകയും നടപടികൾ പൂർത്തിയാക്കുകയും ചെയ്യുക.

പുതിയ സംവിധാനത്തിന്റെ ഭാഗമായി യുഎഇയിലെ ഏഴ് എമിറേറ്റുകളിലായി 16 കോൺസുലർ സേവന കേന്ദ്രങ്ങൾ ആരംഭിക്കും. അബുദാബിയിൽ ആറ് കേന്ദ്രങ്ങളും, ദുബായിലും ഷാർജയിലും രണ്ട് വീതം കേന്ദ്രങ്ങളും പ്രവർത്തിക്കും. കൂടാതെ അജ്മാൻ, ഫുജൈറ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഖോർഫക്കാൻ, കൽബ എന്നിവിടങ്ങളിലും പുതിയ ഓഫീസുകൾ പ്രവർത്തനമാരംഭിക്കും.
ഇന്ത്യൻ നയതന്ത്ര മിഷനുകളുമായി അൽഹിന്ദ് ഇതിനകം ഔദ്യോഗിക കരാർ ഒപ്പുവെച്ചിട്ടുണ്ട്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ പ്രവാസികൾക്ക് കൂടുതൽ വേഗതയേറിയതും കാര്യക്ഷമവും തടസ്സരഹിതവുമായ സേവനങ്ങൾ ലഭ്യമാക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, ജൂൺ 30 വരെ നിലവിലുള്ള ബിഎൽഎസ് ഇന്റർനാഷണൽ, എസ്‌ജിഐവിഎസ് ഗ്ലോബൽ കേന്ദ്രങ്ങൾ വഴിതന്നെ അപേക്ഷകൾ സമർപ്പിക്കാം. ജൂലൈ 1 മുതലുള്ള എല്ലാ പുതിയ അപേക്ഷകളും അൽഹിന്ദിന്റെ സേവനകേന്ദ്രങ്ങളിലൂടെയായിരിക്കും കൈകാര്യം ചെയ്യുക.
പുതിയ കേന്ദ്രങ്ങളുടെ വിലാസം, പ്രവർത്തനസമയം, സേവന ഫീസ് എന്നിവ സംബന്ധിച്ച വിവരങ്ങൾ പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും, കൃത്യമായ വിവരങ്ങൾക്കായി അബുദാബി ഇന്ത്യൻ എംബസിയുടെയും ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെയും ഔദ്യോഗിക വെബ്‌സൈറ്റുകൾ മാത്രം ആശ്രയിക്കണമെന്നും അധികൃതർ പ്രവാസികളോട് അഭ്യർഥിച്ചു.

