ടൊറന്റോ: നോര്‍ത്ത് യോര്‍ക്കില്‍ പൊലീസ് ഉദ്യോഗസ്ഥനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്ന്ത്രണ്ടുകാരന്‍ കസ്റ്റഡിയില്‍. കാര്‍ മോഷണവുമായി ബന്ധപ്പെട്ട് ഡോണ്‍ലാന്‍ഡ്സ് അവന്യൂവിലേക്കും ഓ കോണര്‍ ഡ്രൈവിലേക്കും എത്തിയതായിരുന്നു പോലീസ് സംഘം. ഈ സമയം സ്ഥലത്തുനിന്നും മോഷ്ടിച്ച വാഹനവുമായി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ തടയാന്‍ പോലീസ് വെടിയുതിര്‍ത്തെങ്കിലും, പ്രതി പോലീസ് ഉദ്യോഗസ്ഥനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരുക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ പരുക്ക് ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവസ്ഥലത്തുനിന്നും ഓടിച്ചുപോയ വാഹനം പിന്നീട് പോലീസ് കണ്ടെത്തുകയും പ്രതിയെകസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇയാള്‍ക്കും നിസ്സാര പരുക്കുകളുണ്ട്. നിലവില്‍ പരുക്കേറ്റ പോലീസ് ഉദ്യോഗസ്ഥന്‍ ആശുപത്രി വിട്ടതായി കേസ് അന്വേഷിക്കുന്ന സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് യൂണിറ്റ് (SIU) അറിയിച്ചു.

കാനഡയിലെ ‘യൂത്ത് ക്രിമിനല്‍ ജസ്റ്റിസ് ആക്ട്’ പ്രകാരം പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. വധശ്രമത്തിന് പുറമെ വാഹനം മോഷണം, 5,000 ഡോളറില്‍ കൂടുതല്‍ മൂല്യമുള്ള വസ്തുക്കള്‍ കൈവശം വെക്കല്‍, അശ്രദ്ധമായി വാഹനം ഓടിക്കല്‍, പോലീസ് നിര്‍ദ്ദേശം അനുസരിക്കാതെ വാഹനം നിര്‍ത്താതെ പോകല്‍, സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിക്കല്‍, അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോകല്‍ തുടങ്ങിയ നിരവധി വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഈ സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റൊരു പ്രതിക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

