ബാരി: ഒന്റാരിയോയിലുള്ള മീഫോര്‍ഡില്‍ (Meaford) ഞായറാഴ്ച രാവിലെ ഉണ്ടായ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവര്‍ത്തനം അവതാളത്തിലായി. ഇതേത്തുടര്‍ന്ന് പ്രദേശവാസികളോട് ജലം അതീവ ശ്രദ്ധയോടെ ഉപയോഗിക്കാനും ജലസംരക്ഷണ നടപടികള്‍ സ്വീകരിക്കാനും നഗരസഭാ അധികൃതര്‍ ആവശ്യപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ 5:10ഓടെയാണ് പ്രദേശത്ത് വൈദ്യുതി മുടങ്ങിയത്. പിന്നീട് വൈദ്യുതി പുനഃസ്ഥാപിച്ചെങ്കിലും വാട്ടര്‍ പ്ലാന്റിലെ പവര്‍ സിസ്റ്റം കൃത്യമായ രീതിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടില്ലെന്ന് അധികൃതര്‍ ഓണ്‍ലൈന്‍ വഴി പുറത്തുവിട്ട അറിയിപ്പില്‍ വ്യക്തമാക്കി.

നിലവില്‍ പ്ലാന്റിലെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കാനായി ഇലക്ട്രീഷ്യന്‍മാര്‍ സ്ഥലത്തെത്തി തീവ്രശ്രമം നടത്തിവരികയാണ്. എന്നാല്‍, പ്ലാന്റിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാകുന്നത് വരെ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമായി ജലഉപയോഗം പരിമിതപ്പെടുത്തണമെന്നാണ് നഗരസഭയുടെ നിര്‍ദ്ദേശം. വസ്ത്രങ്ങള്‍ കഴുകുന്നതും പാത്രങ്ങള്‍ വൃത്തിയാക്കുന്നതും ഉള്‍പ്പെടെയുള്ള അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ തത്കാലത്തേക്ക് നീട്ടിവെക്കണം. അഥവാ വാഷിങ് മെഷീനുകളോ ഡിഷ് വാഷറുകളോ ഉപയോഗിക്കുകയാണെങ്കില്‍ അവ പരമാവധി നിറഞ്ഞ ശേഷിയില്‍ മാത്രം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രദ്ധിക്കണമെന്നും നഗരസഭ നിര്‍ദ്ദേശിക്കുന്നു.

കൂടാതെ, കുളിക്കുന്ന സമയം ചുരുക്കുക, ബാത്ത് ടബ്ബുകളില്‍ വെള്ളം നിറയ്ക്കുന്നത് ഒഴിവാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. പല്ല് തേക്കുമ്പോഴും ഷേവ് ചെയ്യുമ്പോഴും ടാപ്പുകള്‍ തുറന്നിടാതെ വെള്ളം പാഴാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പുല്‍ത്തകിടികളില്‍ വെള്ളമൊഴിക്കുന്നതും വാഹനം കഴുകുന്നതും പോലുള്ള പുറംജോലികള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും മീഫോര്‍ഡ് നഗരസഭ പ്രദേശവാസികളോട് അഭ്യര്‍ത്ഥിച്ചു.

