Monday, June 15, 2026

വിവാഹമോചന ഹര്‍ജി: വിജയിയും സംഗീതയും ഇന്ന് ഹാജരായില്ല

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ സി. ജോസഫ് വിജയ്ക്കെതിരെ ഭാര്യ സംഗീത സ്വര്‍ണലിംഗം നല്‍കിയ വിവാഹമോചന ഹര്‍ജി ചെങ്കല്‍പേട്ട് കുടുംബക്ഷേമ കോടതി ആഗസ്റ്റ് ഏഴിലേക്ക് മാറ്റി. ഇന്ന് (ജൂണ്‍ 15) കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ വിജയോ സംഗീതയോ കോടതിയില്‍ നേരിട്ട് ഹാജരായിരുന്നില്ല. തങ്ങളുടെ പൊതുജീവിതവും സുരക്ഷാ പ്രശ്‌നങ്ങളും കണക്കിലെടുത്ത് വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാകാന്‍ ഇരുവരും അനുമതി തേടിയിരുന്നെങ്കിലും, കോടതി അത് അനുവദിച്ചില്ല. കൃത്യമായ ഇമെയില്‍ വിലാസങ്ങള്‍ ഉള്‍പ്പെടുത്താത്തതിനാലാണ് വീഡിയോ കോണ്‍ഫറന്‍സ് അപേക്ഷ കോടതി നിരസിച്ചതെന്നും, ഇരുവരുടെയും ഇമെയില്‍ വിലാസങ്ങള്‍ ആദ്യം സമര്‍പ്പിക്കാന്‍ ജഡ്ജി സുജാത ഉത്തരവിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

സഹപ്രവര്‍ത്തകയായ ഒരു പ്രമുഖ നടിയുമായി വിജയിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സംഗീത കോടതിയെ സമീപിച്ചത്. താന്‍ ആവര്‍ത്തിച്ച് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും വിജയ് ഈ ബന്ധം തുടര്‍ന്നുവെന്നും, 2021 ഏപ്രിലിലാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നും ഹര്‍ജിയില്‍ പറയുന്നു. ഈ ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പ് നല്‍കിയിരുന്നെങ്കിലും അത് പാലിച്ചില്ലെന്നും, നടിയുമൊത്തുള്ള യാത്രകളും പൊതുവേദികളിലെ സാന്നിധ്യവും തനിക്കും കുട്ടികള്‍ക്കും വലിയ രീതിയിലുള്ള മാനസിക വിഷമവും പൊതുജനമധ്യത്തില്‍ അപമാനവും ഉണ്ടാക്കിയതായും സംഗീത ആരോപിക്കുന്നു.

വിജയിയുമായുള്ള 25 വര്‍ഷത്തിലേറെ നീണ്ട ദാമ്പത്യത്തിനൊടുവിലാണ് സംഗീത വിവാഹമോചനത്തിന് ഹര്‍ജി നല്‍കിയത്. 1999 ആഗസ്റ്റിലായിരുന്നു ഇവരുടെ വിവാഹം. വിജയിയുടെ ഭാഗത്തുനിന്നും കടുത്ത അവഗണനയും മാനസിക സംഘര്‍ഷവും താന്‍ അനുഭവിച്ചതായി സംഗീത വ്യക്തമാക്കുന്നു. തനിക്ക് മുന്‍പ് ലഭിച്ചിരുന്ന സൗകര്യങ്ങള്‍ നിഷേധിച്ചതായും, സാമ്പത്തിക നിയന്ത്രണങ്ങളും സഞ്ചാര സ്വാതന്ത്ര്യത്തില്‍ വിലക്കുകളും ഏര്‍പ്പെടുത്തിക്കൊണ്ട് വീട്ടില്‍ ഒരു ശത്രുതാപരമായ അന്തരീക്ഷം വിജയ് സൃഷ്ടിച്ചതായും ഹരജിയിലുണ്ട്. നിലവില്‍ തനിക്ക് സ്വന്തമായി താമസസ്ഥലമില്ലെന്നും, അതിനാല്‍ ചെന്നൈ നീലങ്കരൈയിലെ കുടുംബവീട്ടില്‍ തുടരാന്‍ അനുവദിക്കണമെന്നും കൃത്യമായ ജീവനാംശം നല്‍കണമെന്നും സംഗീത ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി വിജയും സംഗീതയും വീണ്ടും ഒന്നിക്കാന്‍ തീരുമാനിച്ചതായും അനുരഞ്ജന ചര്‍ച്ചകള്‍ നടക്കുന്നുണ്ടതായും ചില മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇന്നത്തെ കോടതി നടപടികളില്‍ ഇത്തരം കാര്യങ്ങളൊന്നും ഔദ്യോഗികമായി പരാമര്‍ശിക്കപ്പെട്ടിട്ടില്ല. വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ഹിയറിങ് ആയതിനാല്‍ അതീവ രാഷ്ട്രീയ-സിനിമ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങളും പൊതുജനങ്ങളും ഈ കേസിനെ വീക്ഷിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!