Monday, June 15, 2026

കിങ്സ്റ്റണില്‍ ‘ഇന്ത്യന്‍ റോഡ്’ പുനര്‍നാമകരണം ചെയ്യാന്‍ നീക്കം; പ്രതിഷേധം ശക്തം

ഓട്ടവ: ഒന്റാരിയോയിലെ കിങ്സ്റ്റണ്‍ നഗരത്തിലെ ‘ഇന്ത്യന്‍ റോഡ്’എന്ന തെരുവിന്റെ പേര് മാറ്റാനുള്ള സിറ്റി കൗണ്‍സിലിന്റെ നീക്കം പ്രദേശവാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു. തദ്ദേശീയരായ റെഡ് ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്യാന്‍ മുന്‍കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന ‘ഇന്ത്യന്‍’ എന്ന പ്രയോഗം അധിക്ഷേപകരമാണെന്ന് ചൂണ്ടിക്കാണിച്ചാണ് പേര് മാറ്റാന്‍ കൗണ്‍സില്‍ വോട്ട് രേഖപ്പെടുത്താനൊരുങ്ങുന്നത്. എന്നാല്‍, ഈ തീരുമാനത്തില്‍ തങ്ങളെ വേണ്ടവിധം പരിഗണിച്ചില്ലെന്ന് ആരോപിച്ച് പ്രദേശവാസികളില്‍ വലിയൊരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

പോര്‍ട്‌സ്മൗത്ത് അവന്യൂവിന് സമീപമുള്ള ഈ തെരുവില്‍ ഏകദേശം അറുപതോളം വീടുകളാണുള്ളത്. വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്ന പലരും ഈ പേരുമായി തങ്ങള്‍ക്ക് വൈകാരികമായ ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്നു. 37 വര്‍ഷമായി ഇവിടെ ജീവിക്കുന്ന ജെന്നിഫര്‍ ലാം എന്ന താമസക്കാരി വികാരാധീനയായാണ് പ്രതികരിച്ചത്. തദ്ദേശീയരെ ആദരിക്കാനാണ് പണ്ട് ഈ പേരിട്ടതെന്നും, പെട്ടെന്നൊരു ദിവസം തങ്ങളുടെ മേല്‍വിലാസം ഇല്ലാതാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. പ്രദേശത്തെ സിറ്റി കൗണ്‍സിലറായ ജെഫ് മക്ലാരന്‍ നടത്തിയ സര്‍വേയില്‍ 85 ശതമാനം താമസക്കാരും പേര് മാറ്റുന്നതിനെ പൂര്‍ണ്ണമായി എതിര്‍ത്തു.

നഗരസഭ നിര്‍ദ്ദേശിച്ച ഒജിബ്വെ (Ojibwe) ഭാഷയിലുള്ള നാല് തദ്ദേശീയ പേരുകളും (അക്കി, ബിനേസി, നൂക്കോമിസ്, ഒഡാമിനോ) ജനങ്ങള്‍ തള്ളിക്കളഞ്ഞു. ജനാധിപത്യപരമായ രീതിയില്‍ ജനങ്ങളുടെ അഭിപ്രായം മാനിക്കണമെന്നാണ് കൗണ്‍സിലര്‍ മക്ലാരന്റെ നിലപാട്. അതേസമയം, ‘ഇന്ത്യന്‍’ എന്ന വാക്ക് തദ്ദേശീയരായ പലരിലും പഴയകാല പീഡനങ്ങളുടെ ഓര്‍മ്മകളും മാനസിക വിഷമങ്ങളും ഉണ്ടാക്കുന്നുണ്ടെന്ന് കിങ്സ്റ്റണ്‍ നേറ്റീവ് സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബ്രാന്‍ഡന്‍ മരാക്കിള്‍ ചൂണ്ടിക്കാട്ടി. നഗരസഭയുടെ ബൈലോ പ്രകാരം അധിക്ഷേപകരമായ പേരുകള്‍ മാറ്റേണ്ടതുണ്ടെന്നും, വിലാസം മാറുന്നതുമായി ബന്ധപ്പെട്ട് താമസക്കാര്‍ക്ക് സാമ്പത്തിക സഹായവും മറ്റ് പിന്തുണയും നല്‍കുമെന്നും പേര് മാറ്റ പ്രമേയം അവതരിപ്പിച്ച കൗണ്‍സിലര്‍ ഗ്രെഗ് റിഡ്ജ് വ്യക്തമാക്കി. ഈ വിഷയത്തിലുള്ള അന്തിമ വോട്ടെടുപ്പ് ചൊവ്വാഴ്ച രാത്രി നടക്കുന്ന കിങ്സ്റ്റണ്‍ സിറ്റി കൗണ്‍സില്‍ യോഗത്തില്‍ വെച്ച് നടക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!