ടൊറന്റോ: ഗ്രേറ്റർ ടൊറന്റോ ഏരിയ (GTA) ഉൾപ്പെടെ മുഴുവൻ GTHA മേഖലയിലും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി. “ശക്തമായ ന്യൂനമർദ്ദം ” പ്രദേശത്തേക്ക് നീങ്ങുന്നതിനാൽ പ്രത്യേക കാലാവസ്ഥാ പ്രസ്താവന (Special Weather Statement) പുറത്തിറക്കിയിട്ടുണ്ട്.
ഇന്ന് രാത്രി മുതൽ വ്യാഴാഴ്ച രാവിലെ വരെ ടൊറന്റോയിൽ 40 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്നാണ് കാലാവസ്ഥാ ഏജൻസിയുടെ പ്രവചനം. രാത്രി മുതൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
കാലാവസ്ഥാ വിദഗ്ധൻ ബിൽ കോൾട്ടറിന്റെ അഭിപ്രായത്തിൽ, മഴയുടെ തീവ്രത രാത്രി 11 മണിയോടെയാകും വർധിക്കുക. അതിനുശേഷം പുലർച്ചെ 3 മുതൽ 4 മണിവരെ തുടർച്ചയായ കനത്ത മഴ അനുഭവപ്പെടും. തുടർന്ന് വ്യാഴാഴ്ച രാവിലെ 8 മണിവരെ ഇടവിട്ട മഴയും ഇടിമിന്നലും തുടരാനാണ് സാധ്യത.

ഇന്ന് വൈകിട്ട് 7 മണിക്ക് ടൊറന്റോ സ്റ്റേഡിയത്തിൽ നടക്കുന്ന ഫിഫ വേൾഡ് കപ്പ് മത്സരത്തെ മഴ കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. മത്സരം കാണാൻ ഏകദേശം 43,000 ആരാധകർ എത്തുമെന്നാണ് പ്രതീക്ഷ.മത്സരസമയത്ത് നേരിയ മഴ മാത്രമായിരിക്കും. എന്നാൽ രാത്രി 11:30 മുതൽ പുലർച്ചെ 3 അല്ലെങ്കിൽ 4 മണിവരെ ശക്തമായ മഴയും ഇടിമിന്നലും പ്രതീക്ഷിക്കാം. അതിനുശേഷവും രാവിലെ 8 മണിവരെ ചിലയിടങ്ങളിൽ മഴയും ഇടിമിന്നലും തുടരുമെന്നും ബിൽ കോൾട്ടർ പറഞ്ഞു.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും യാത്രാ തടസ്സങ്ങൾക്കും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
