Thursday, June 18, 2026

ഇന്ത്യൻ ആക്ടിലെ വിവേചനം നീക്കണം; ബിൽ S-2 അടിയന്തരമായി പാസാക്കണമെന്ന് മാനിറ്റോബ ചീഫുമാർ

ഓട്ടവ: കാനഡയിലെ ഇന്ത്യൻ ആക്ടിൽ നിലനിൽക്കുന്ന വിവേചനപരമായ വ്യവസ്ഥകൾ നീക്കം ചെയ്യുന്നതിനായി തയ്യാറാക്കിയ ‘ബിൽ S-2’ അടിയന്തരമായി പാസാക്കണമെന്ന് ഫെഡറൽ സർക്കാരിനോട് ആവശ്യവുമായി മാനിറ്റോബയിലെ ഫസ്റ്റ് നേഷൻസ് നേതാക്കൾ. പാർലമെന്റ് വേനൽ അവധിക്കായി പിരിയുന്നതിന് മുൻപ് നിയമനിർമാണം പൂർത്തിയാക്കണമെന്ന് അസംബ്ലി ഓഫ് മാനിറ്റോബ ചീഫ്സ് (AMC) ഓട്ടവയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

നിനിലവിലെ നിയമപ്രകാരം, തുടർച്ചയായി രണ്ട് തലമുറകളിൽ ഏതെങ്കിലും ഒരു രക്ഷിതാവിന് “Indian Status” (ഫസ്റ്റ് നേഷൻസ് പദവി) ഇല്ലെങ്കിൽ, ആ കുടുംബത്തിലെ കുട്ടികൾക്ക് ഈ ഔദ്യോഗിക പദവി ലഭിക്കില്ല. ഈ നിയന്ത്രണം നീക്കം ചെയ്ത്, മാതാപിതാക്കളിൽ ഒരാൾക്ക് പദവി ഉണ്ടെങ്കിൽ കുട്ടികൾക്കും അത് ഉറപ്പാക്കുകയാണ് ബിൽ S-2ന്റെ പ്രധാന ലക്ഷ്യമെന്ന് AMC വ്യക്തമാക്കി. ഈ പദവിയിലൂടെ ലഭിക്കുന്ന നികുതി ഇളവുകൾ, വിദ്യാഭ്യാസ സഹായങ്ങൾ, തനത് ഭൂമിയിലെ വേട്ടയാടൽ-മത്സ്യബന്ധന അവകാശങ്ങൾ എന്നിവ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

AMC ഗ്രാൻഡ് ചീഫ് കൈറ വിൽസൺ, മാതാപിതാക്കളുടെ വിവാഹസ്ഥിതിയുടെ പേരിൽ കുട്ടികൾക്ക് അവകാശങ്ങൾ നഷ്ടപ്പെടുന്നത് അന്യായമാണെന്ന് ചൂണ്ടിക്കാട്ടി. ബിൽ S-2 ഫസ്റ്റ് നേഷൻസ് സമൂഹങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിർണായക നിയമപരിഷ്കാരമാണെന്നും അവർ പറഞ്ഞു.

ഫസ്റ്റ് നേഷൻസ് സേവന മന്ത്രി മാൻഡി ഗൾ-മാസ്റ്റി അവതരിപ്പിച്ച ബിൽ ഇതിനകം സെനറ്റിന്റെ അംഗീകാരം നേടിയിട്ടുണ്ട്. നിലവിൽ പാർലമെന്ററി കമ്മിറ്റിയുടെ പരിഗണനയിലാണ്. എന്നാൽ ബില്ലിന്റെ പാസേജ് വൈകിപ്പിക്കപ്പെടുകയാണെന്ന് ഫസ്റ്റ് നേഷൻസ് നേതാക്കൾ ആരോപിക്കുന്നു.

അതേസമയം, ഫസ്റ്റ് നേഷൻസ് സമൂഹങ്ങളുടെ അവകാശ സംരക്ഷണത്തിനായി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും നിയമപരിഷ്കാരങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 1867 മുതൽ നിലവിലുള്ള ഇന്ത്യൻ ആക്ടിലെ വിവേചനങ്ങൾ അവസാനിപ്പിക്കാൻ പാർലമെന്റ് അടിയന്തരമായി ഇടപെടണമെന്നാണ് വിവിധ ഫസ്റ്റ് നേഷൻസ് സംഘടനകളുടെയും പ്രതിപക്ഷ അംഗങ്ങളുടെയും ആവശ്യം.

1876-ൽ കാനഡ സർക്കാർ നടപ്പിലാക്കിയ ഫെഡറൽ നിയമമാണ് ഇന്ത്യൻ ആക്ട്. കാനഡയിലെ ഫസ്റ്റ് നേഷൻസ് ജനവിഭാഗങ്ങളുടെ നിയമപരമായ പദവി, ഭൂമി അവകാശങ്ങൾ, ഭരണസംവിധാനങ്ങൾ, സർക്കാർ സേവനങ്ങൾ എന്നിവ നിയന്ത്രിക്കുന്ന പ്രധാന നിയമമാണിത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!