മോൺട്രിയലിൽ നിന്നുള്ള ഒൻപത് വയസുകാരി മെലിന ഫ്രാറ്റോളിന്റെ മരണത്തിൽ പിതാവ് ലൂസിയാനോ ഫ്രാറ്റോളിനെ ന്യൂയോർക്ക് ജൂറി രണ്ടാം ഡിഗ്രി കൊലപാതകക്കുറ്റത്തിന് കുറ്റക്കാരനായി കണ്ടെത്തി. മകളുടെ മൃതദേഹം മറച്ചുവെച്ചതിനും ഫ്രാറ്റോളിൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
മൂന്നാഴ്ച നീണ്ട വിചാരണയ്ക്ക് ശേഷം ഏകദേശം ഒരു മണിക്കൂർ ആലോചിച്ച ശേഷമാണ് ജൂറി വിധി പ്രഖ്യാപിച്ചത്. വിധി കേൾക്കുമ്പോൾ കോടതിയിൽ ഉണ്ടായിരുന്ന കുടുംബാംഗങ്ങൾ വികാരാധീനരായി. 46കാരനായ ഫ്രാറ്റോളിൻ അഭിഭാഷകർക്കിടയിൽ നിശബ്ദനായി നിന്ന ശേഷം തല ചെറുതായി കുലുക്കുകയും പിന്നീട് ഇരിക്കുകയും ചെയ്തു. മിനിറ്റുകൾക്കകം അദ്ദേഹത്തെ കൈവിലങ്ങിട്ട് കസ്റ്റഡിയിലെടുത്തു.

2025 ജൂലൈ 19നാണ് ഫ്രാറ്റോളിൻ മകളെ കാണാതായതായി റിപ്പോർട്ട് ചെയ്തത്. അന്ന് ഇരുവരും അമേരിക്കയിൽ ഒരാഴ്ച നീണ്ട യാത്രയുടെ അവസാനഘട്ടത്തിലായിരുന്നു. മകളെ രണ്ട് പുരുഷന്മാർ തട്ടിക്കൊണ്ടുപോയെന്നും വെള്ള നിറത്തിലുള്ള വാനിൽ രക്ഷപ്പെട്ടെന്നും ഫ്രാറ്റോളിൻ ആദ്യം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.
എന്നാൽ അടുത്ത ദിവസം ന്യൂയോർക്കിലെ ടിക്കോണ്ടറോഗയ്ക്ക് സമീപമുള്ള ഗ്രാമപ്രദേശത്തെ ചതുപ്പിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. വീണുകിടന്ന ഒരു മരത്തിന്റെ ഭാഗിക മറവിലായിരുന്നു മൃതദേഹം; നെഞ്ചിന് മുകളിൽ വലിയൊരു കല്ലും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

തുടർന്നുള്ള അന്വേഷണത്തിലാണ് ഫ്രാറ്റോളിനെ മകളുടെ കൊലപാതകക്കേസിൽ അറസ്റ്റ് ചെയ്തത്. കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ ഒക്ടോബർ 14ന് ശിക്ഷ പ്രഖ്യാപിക്കും. അതുവരെ അദ്ദേഹം കസ്റ്റഡിയിൽ തുടരും.

