Friday, June 19, 2026

ബിരുദധാരികൾക്ക് വേഗത്തിൽ ജോലി ലഭിക്കാൻ ബ്രിജ് പ്രോഗ്രാമുകൾ; ഉന്നതവിദ്യാഭ്യാസ രംഗത്ത് സമഗ്ര പരിഷ്‌കാരങ്ങളുമായി സംസ്ഥാന ബജറ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആധുനികവത്കരിക്കുകയും വിദ്യാർത്ഥികളുടെ തൊഴിൽസാധ്യത വർധിപ്പിക്കുകയും ലക്ഷ്യമിട്ട് നിരവധി സുപ്രധാന പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു. ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച ബജറ്റിൽ സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്കായി 232.11 കോടി രൂപ വകയിരുത്തി. ജവഹർലാൽ നെഹ്റു സയന്റിഫിക് സിറ്റി പദ്ധതിക്കായി 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

ബിരുദധാരികൾക്ക് പഠനം പൂർത്തിയാക്കിയ ഉടൻ തൊഴിൽ ലഭ്യമാക്കാൻ സഹായിക്കുന്ന ബ്രിജ് പ്രോഗ്രാമുകൾ സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. അത്യാധുനിക സാങ്കേതിക വിദ്യകളിലെ മാറ്റങ്ങളും സാധ്യതകളും മുൻകൂട്ടി വിലയിരുത്തുന്നതിനായി ‘ഫ്യൂച്ചർ റെഡിനസ് തിങ്ക് ടാങ്ക്’ രൂപീകരിക്കുമെന്നും അറിയിച്ചു.

വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനും അക്കാദമിക് ടൂറിസം ശക്തിപ്പെടുത്തുന്നതിനുമായി ‘സെമസ്റ്റർ ഇൻ കേരള’ പദ്ധതി പുനരാരംഭിക്കും. കൂടാതെ സംസ്ഥാനത്തെ വിവിധ സർവകലാശാലകൾക്കിടയിൽ ക്രെഡിറ്റ് ട്രാൻസ്ഫർ സംവിധാനം നടപ്പിലാക്കി വിദ്യാർത്ഥികൾക്ക് കൂടുതൽ അക്കാദമിക് സൗകര്യങ്ങൾ ഒരുക്കും.

കേരളത്തിന്റെ വിദ്യാഭ്യാസ മികവ് അന്താരാഷ്ട്ര തലത്തിൽ പ്രചരിപ്പിക്കുന്നതിനായി വിദ്യാഭ്യാസ മേളകൾ സംഘടിപ്പിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. ക്യാമ്പസുകളിലെ റാഗിങ് പൂർണമായും തടയുന്നതിനായി ‘സിദ്ധാർഥൻ സ്റ്റുഡന്റ്സ് ഡിസ്ട്രസ് ആപ്പ്’ നടപ്പിലാക്കുകയും ‘സിദ്ധാർഥൻ ആന്റി-റാഗിങ് ആൻഡ് സ്റ്റുഡന്റ്സ് വെൽഫെയർ ആക്ട്’ കൊണ്ടുവരുകയും ചെയ്യും.

അക്കാദമിക് വിഷയങ്ങളിലെ അനാവശ്യ രാഷ്ട്രീയ ഇടപെടലുകൾ ഒഴിവാക്കുന്നതിനായി അക്കാദമിക് കൗൺസിൽ രൂപീകരിക്കുമെന്നും വിദ്യാർത്ഥികളുടെ പരാതികൾ പരിഹരിക്കുന്നതിനായി കോളേജുകളിൽ ഓംബുഡ്സ്മാൻ സംവിധാനം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!