Friday, June 19, 2026

ചികിത്സാച്ചെലവ് കുറയ്ക്കാൻ സർക്കാർ ഇടപെടൽ; അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകൾ ലഭ്യമാക്കാൻ പ്രത്യേക നടപടി

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യരംഗം കൂടുതൽ ജനകീയവും കാര്യക്ഷമവുമാക്കുന്നതിനായി ചികിത്സാച്ചെലവ് കുറയ്ക്കാൻ സർക്കാർ നേരിട്ട് ഇടപെടുമെന്ന് ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ചു. ആരോഗ്യ സേവനങ്ങൾ കൂടുതൽ സുലഭമാക്കുന്നതിനും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനുമായി നിരവധി പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിലെ കുടിശ്ശികകൾ ഘട്ടംഘട്ടമായി തീർത്ത് പദ്ധതിയുടെ കാര്യക്ഷമത ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ കാസർകോട്, ഇടുക്കി, വയനാട്, മഞ്ചേരി മെഡിക്കൽ കോളജുകളുടെ നിലവിലെ പരിമിതികൾ പരിഹരിച്ച് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും. തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളജ് പ്രവർത്തനക്ഷമമാക്കുന്നതിനും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളജ് സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കും.

ആദിവാസി മേഖലകളിലെ ആരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ട്രൈബൽ ഹെൽത്ത് ക്ലസ്റ്ററുകളും തീരദേശ മേഖലകളിൽ കോസ്റ്റൽ കെയർ യൂണിറ്റുകളും സ്ഥാപിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. ഇതിലൂടെ ആരോഗ്യ സേവനങ്ങൾ അകന്ന പ്രദേശങ്ങളിലേക്കും കൂടുതൽ ഫലപ്രദമായി എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

എസ്എംഎ (Spinal Muscular Atrophy) ഉൾപ്പെടെയുള്ള അപൂർവ രോഗങ്ങൾ ബാധിച്ച രോഗികൾക്ക് ആവശ്യമായ മരുന്നുകൾ ലഭ്യമാക്കാൻ പ്രത്യേക നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ കാരുണ്യ ബെനവലന്റ് ഫണ്ട്, ശ്രുതിതരംഗം, സ്നേഹപൂർവ്വം, സ്നേഹസ്പർശം, താലോലം, ക്യാൻസർ സുരക്ഷ, സ്നേഹ സാന്ത്വനം, പകൽവീട്, വയോമിത്രം, ആശ്വാസകിരണം, സുകൃതം തുടങ്ങിയ ക്ഷേമപദ്ധതികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ പരിരക്ഷ നൽകുന്ന ‘ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി’ നടപ്പിലാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.

ടൈപ്പ്-1 പ്രമേഹ ബാധിതരായ കുട്ടികൾക്ക് ഗുണമേന്മയുള്ള ഇൻസുലിൻ ലഭ്യമാക്കുന്നതിനും ബ്രിട്ടിൽ ഡയബറ്റീസ് ബാധിച്ച കുട്ടികൾക്ക് ഇൻസുലിൻ പമ്പുകൾ നൽകുന്നതിനും തുടർച്ചയായ ഗ്ലൂക്കോസ് നിരീക്ഷണത്തിനായി കണ്ടിന്യുവസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് സെൻസറുകൾ വിതരണം ചെയ്യുന്നതിനും സർക്കാർ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!