കാല്‍ഗറി: കാനഡയില്‍ ഒപിയോയിഡ് (Opioid) വിഷബാധ മൂലമുള്ള മരണ നിരക്ക് കുറയുന്നു. എന്നാല്‍ ആല്‍ബര്‍ട്ട പ്രവിശ്യയിലെ വിപരീത സാഹചര്യം കടുത്ത ആശങ്ക ഉയര്‍ത്തുന്നു. കഴിഞ്ഞവര്‍ഷം കാനഡയിലുടനീളം ഒപിയോയിഡ് അമിതഉപയോഗം മൂലമുള്ള മരണങ്ങളില്‍ 23 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ 5,630 മരണങ്ങളാണ് കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ഭൂരിഭാഗം മരണങ്ങളും നടക്കുന്ന ഒന്റാരിയോ, ബ്രിട്ടിഷ് കൊളംബിയ പവിശ്യകളില് വലിയ മാറ്റമുണ്ടായപ്പോള്‍ ആല്‍ബര്‍ട്ടയില്‍ മാത്രം മാറ്റം പ്രകടമായില്ല.
ഒന്റാരിയോയില്‍ കഴിഞ്ഞവര്‍ഷം മരണനിരക്കില്‍ 38 ശതമാനത്തിന്റെയും, ബ്രിട്ടിഷ് കൊളംബിയയില്‍ 22 ശതമാനത്തിന്റെയും വലിയ കുറവുണ്ടായപ്പോള്‍ ആല്‍ബര്‍ട്ടയില്‍ ഇത് വെറും 4 ശതമാനം മാത്രമാണ്. മരണനിരക്കിലെ ഈ ചെറിയ കുറവിന് പുറമെ, ഒപിയോയിഡ് അമിതഉപയോഗവുമായി ബന്ധപ്പെട്ട അടിയന്തര മെഡിക്കല്‍ കോളുകളില്‍ ആല്‍ബര്‍ട്ടയില്‍ 65 ശതമാനത്തിന്റെ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ മറ്റ് പ്രവിശ്യകളില്‍ ഇത്തരം അടിയന്തര കോളുകളുടെ എണ്ണത്തില്‍ കുറവാണ് ഉണ്ടായത്. ഓരോ ഒരു ലക്ഷം ആളുകളിലെയും ഒപിയോയിഡ് മരണനിരക്ക് പരിശോധിച്ചാല്‍ കാനഡയില്‍ ബ്രിട്ടിഷ് കൊളംബിയക്കും യുകോണിനും തൊട്ടുപിന്നാലെ മൂന്നാം സ്ഥാനത്താണ് ആല്‍ബര്‍ട്ട.

ലഹരിമരുന്ന് വിപണിയിലെ മാറ്റങ്ങളും ഫെന്റാനില്‍ (Fentanyl), മെഡെറ്റോമിഡിന്‍ (Medetomidine) തുടങ്ങിയ മാരകമായ ട്രാന്ക്വിലൈസറുകളുടെയും സെഡേറ്റീവുകളുടെയും സാന്നിധ്യവുമാണ് ആല്‍ബര്‍ട്ടയിലെ ഈ സങ്കീര്‍ണ്ണ അവസ്ഥയ്ക്ക് കാരണമെന്ന് ഹെല്‍ത്ത് കാനഡ വക്താവ് മാര്‍ക്ക് ജോണ്സണ് വ്യക്തമാക്കി. ലഹരിമരുന്ന് കടത്ത് പാതകള്‍, സംഘടിത കുറ്റകൃത്യങ്ങള്‍, പ്രാദേശികമായ ആവശ്യക്കാര്‍, ചികിത്സാ സൗകര്യങ്ങളുടെ ലഭ്യത എന്നിവയനുസരിച്ച് ഓരോ പ്രദേശത്തെയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ബി.സി., ഒന്റാരിയോ തുടങ്ങിയ പ്രവിശ്യകളില്‍ മരണനിരക്ക് കുറയാന്‍ കാരണം മുന്‍വര്‍ഷങ്ങളില്‍ നിരവധി ആളുകള്‍ ഇതിനകം മരണപ്പെട്ടതുകൊണ്ടാകാമെന്നും, സര്‍ക്കാരുകളുടെ വൈകിയുള്ള നടപടികള്‍ ഇതിന് കാരണമാണെന്നും കനേഡിയന്‍ ഡ്രഗ് പോളിസി കോയലിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡി.ജെ. ലാര്ക്കിന് ചൂണ്ടിക്കാണിച്ചു.
ആല്‍ബര്‍ട്ടയിലെ രണ്ട് പ്രധാന നഗരങ്ങളായ കാല്‍ഗറിയിലും എഡ്മിന്റണിലും വിപരീത സാഹചര്യങ്ങളാണ് നിലവിലുള്ളത്. കാല്‍ഗറിയില്‍ മരണനിരക്ക് ദേശീയ ശരാശരിക്ക് അനുസൃതമായി കുറഞ്ഞപ്പോള്‍ എഡ്മന്റണില്‍ ഒപിയോയിഡ് മരണങ്ങള് വര്‍ധിക്കുകയാണുണ്ടായത്. ലഹരിമരുന്നുകളുടെ ഗുണനിലവാരത്തിലെ വ്യത്യാസവും പൊതുസ്ഥലങ്ങളിലെ ലഹരി ഉപയോഗത്തിനെതിരെയുള്ള കര്‍ശന നടപടികളുമാകാം എഡ്മന്റണിലെ ഈ വര്‍ദ്ധനവിന് കാരണമെന്ന് യൂണിവേഴ്സിറ്റി ഓഫ് ആല്‍ബര്‍ട്ടയിലെ പ്രൊഫസര്‍ എലൈന്‍ ഹിഷ്ക പറയുന്നു.
കാല്‍ഗറിയിലും ലെത്ബ്രിഡ്ജിലും മേല്‍നോട്ടത്തിലുള്ള ലഹരി ഉപഭോഗ കേന്ദ്രങ്ങള്‍ (Supervised Consumption Sites) നിര്‍ത്തലാക്കാനുള്ള പുതിയ തീരുമാനങ്ങള്‍ മരണനിരക്ക് വീണ്ടും ഉയര്‍ത്തിയേക്കാമെന്നും, ലഹരിവിമുക്തിക്കായി ഒരു പ്രത്യേക പദ്ധതിക്ക് പകരം വിപുലമായ ചികിത്സാ സഹായങ്ങളാണ് പ്രവിശ്യയില്‍ ആവശ്യമെന്നും ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
