ഡൽഹി: വൻ ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയ്ക്ക് അടിയന്തര സഹായവുമായി ഇന്ത്യ. ‘ഓപ്പറേഷൻ അമിസ്റ്റാഡ്’ എന്ന പേരിൽ ഇന്ത്യൻ വ്യോമസേനയുടെ രണ്ട് സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങളിലായി 35 ടൺ ദുരിതാശ്വാസ സാമഗ്രികളും കരസേനയുടെ ഫീൽഡ് ഹോസ്പിറ്റൽ യൂണിറ്റും വെനസ്വേലയിലേക്ക്.
സ്പാനിഷ് ഭാഷയിൽ ‘അമിസ്റ്റാഡ്’ എന്നത് ‘സൗഹൃദം’ എന്നാണ് അർഥം. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെനസ്വേല സർക്കാരിനും ജനങ്ങൾക്കും ഒപ്പമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ എക്‌സിലൂടെ അറിയിച്ചു. ഈ ദുഷ്കരമായ സാഹചര്യത്തിൽ ആവശ്യമായ എല്ലാ പിന്തുണയും ഇന്ത്യ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വെനസ്വേലയിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ ഇതുവരെ 235 പേർ മരിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 1,500-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും റിപ്പോർട്ടുകളുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.
തുറമുഖ നഗരമായ ലാ ഗ്വൈറയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 250-ലധികം കെട്ടിടങ്ങൾ തകർന്നതായും ഇരുന്നൂറിലധികം പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും അധികൃതർ അറിയിച്ചു. കൂടാതെ, കാണാതായ 157 പേർക്കായി തിരച്ചിൽ തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ നൂറ് വർഷത്തിനിടയിലെ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണ് വെനസ്വേലയിൽ അനുഭവപ്പെട്ടത്. പ്രാദേശിക സമയം വൈകിട്ട് 6.04-ന് 7.2 തീവ്രതയുള്ള ആദ്യ ഭൂചലനമുണ്ടായി. വെറും 40 സെക്കൻഡുകൾക്കുശേഷം 7.5 തീവ്രതയുള്ള രണ്ടാമത്തെ ഭൂചലനവും രേഖപ്പെടുത്തി.
ദുരന്തത്തെ തുടർന്ന് സിമോൺ ബൊളിവർ അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചു. ആദ്യം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് അത് പിൻവലിച്ചു. രാജ്യത്ത് ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
