കഴിഞ്ഞ വർഷം മെയ് മാസത്തിൽ നടന്ന പഹൽഗാം കൂട്ടക്കൊലയ്ക്ക് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ വീരമൃത്യു വരിച്ച സൈനികരുടെ വിവരങ്ങൾ ആദ്യമായി വെളിപ്പെടുത്തി കേന്ദ്ര സർക്കാർ.
ഓപ്പറേഷനുശേഷം ഇതാദ്യമായാണ് സർക്കാർ ആറ് സൈനികരുടെ പേരുകൾ പുറത്തുവിടുന്നത്.

ഇന്ത്യ ഗേറ്റിന് സമീപം സ്ഥിതിചെയ്യുന്ന ദേശീയ യുദ്ധസ്മാരകത്തിലാണ് കൊല്ലപ്പെട്ട ആറു സൈനികരുടെ പേരുകൾ ആലേഖനം ചെയ്തത്.
അഞ്ച് കരസേന ഉദ്യോഗസ്ഥരുടെയും ഒരു വ്യോമസേന ഉദ്യോഗസ്ഥൻ്റെയും പേരുകളാണ് വെളിപ്പെടുത്തിയത്
ദേശീയ യുദ്ധസ്മാരക വെബ്സൈറ്റിലെ റോൾ ഓഫ് ഓണർ സെക്ഷനിലും പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഓപ്പറേഷൻ സിന്ദൂരിൻ്റെ ഒന്നാം വാർഷികം രാജ്യം ആചരിച്ചതിന് തൊട്ടുപിന്നാലെയാണ് കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നത്.
ഹെഡ്ക്വാർട്ടേഴ്സ് 10 ഇൻഫൻട്രി ബ്രിഗേഡിലെ സുബേദാർ മേജർ പവൻ കുമാർ, 4 ജമ്മു ആൻ്റ് കശ്മീർ ലൈറ്റ് ഇൻഫൻട്രിയിലെ റൈഫിൾമാൻ സുനിൽ കുമാർ വീരചക്ര, 5 ഫീൽഡ് റെജിമെൻ്റിലെ ലാൻസ് നായിക് ദിനേഷ് കുമാർ, 851 ലൈറ്റ് റെജിമെൻ്റിലെ ഏവിയേഷൻ ടെക്നീഷ്യൻ മൂദ് മുരളിനായ്ക്ക്, 237 ഫീൽഡ് വർക്ക് ഷോപ്പ് കമ്പനിയിലെ ഹവിൽദാർ സുനിൽ കുമാർ സിങ്, 39 വിങ്ങിലെ സർജൻ്റ് സുരേന്ദ്ര കുമാർ വായു മെഡൽ എന്നിവരാണ് കൊല്ലപ്പെട്ട ആറു സൈനികർ.
2025ൽ കൊല്ലപ്പെട്ട സൈനികരുടെ വിഭാഗത്തിലാണ് ഓപ്പറേഷൻ സിന്ദൂരിനിടെ കൊല്ലപ്പെട്ട ആറു സൈനികരുടെ പേരുകളും ഉൾപ്പെടുത്തിയത്.
2025 ഏപ്രിൽ മാസം 22ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് മറുപടി നൽകാനായിരുന്നു ഇന്ത്യൻ സൈന്യം ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ പാകിസ്ഥാനിലെയും പാക് അധിന കശ്മീരിലെയും ഭീകരതാവളങ്ങളിൽ ആക്രമണം നടത്തിയത്.
ഇന്ത്യൻ സൈന്യം സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഒൻപത് ഭീകരതാവളങ്ങൾ തകർക്കാൻ കഴിഞ്ഞിരുന്നു.
ജയ്ഷെ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ എന്നീ ഭീകരസംഘടനകളുടെ പരിശീലന കേന്ദ്രങ്ങളടക്കമാണ് ഇന്ത്യ ആക്രമിച്ചത്.
അതേസമയം “സിന്ദൂർ” എന്ന വാക്ക് വിവാഹിതരായ ഹിന്ദു സ്ത്രീകൾ പരമ്പരാഗതമായി ധരിക്കുന്ന ചുവന്ന വെർമിളിയണിനെയാണ് സൂചിപ്പിക്കുന്നത്,
ഭീകരാക്രമണത്തിൽ ഭർത്താക്കന്മാർ കൊല്ലപ്പെട്ട സ്ത്രീകളുടെ വിധവകളോടുള്ള പ്രതികാരത്തെ സൂചിപ്പിക്കാനാണ് ഇത് തിരഞ്ഞെടുത്തത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള നാല് ദിവസം നീണ്ടുനിന്ന സംഘർഷം കഴിഞ്ഞ വർഷം മെയ് 10 ന് അവസാനിച്ചു.
