മണ്‍ട്രിയോള്‍: മണ്‍ട്രിയോളിലെ വെസ്റ്റ് ഐലന്‍ഡിലുള്ള ഡോളാര്‍ഡ്-ഡെസ്-ഓര്മോക്സ് (DDO) നഗരത്തില്‍ കഴിഞ്ഞയാഴ്ചയുണ്ടായ അതിശക്തമായ പ്രളയത്തിന് പിന്നാലെ, തെരുവുകളില്‍ മാലിന്യങ്ങളും അവശിഷ്ടങ്ങളും കുന്നുകൂടുന്നത് ജനങ്ങളെ വലയ്ക്കുന്നു. വീടുകളില്‍ നിന്ന് വെള്ളം ഇറങ്ങിയെങ്കിലും തകര്‍ന്ന ഭിത്തികളുടെ അവശിഷ്ടങ്ങള്‍, ഫര്‍ണിച്ചറുകള്‍, പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യങ്ങള്‍ എന്നിവ ഇപ്പോഴും നടപ്പാതകളില്‍ കുന്നുകൂടിക്കിടക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച പെയ്ത അതിശക്തമായ മഴയാണ് നഗരത്തില്‍ വലിയ പ്രളയമുണ്ടാക്കിയത്.
വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ 150 മില്ലിമീറ്ററോളം മഴ പെയ്തതായാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്ക്. പ്രളയബാധിത പ്രദേശങ്ങളില്‍ നിലവില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും, ദിവസങ്ങളായി തെരുവില്‍ കിടക്കുന്ന അവശിഷ്ടങ്ങള്‍ വലിയ ദുര്‍ഗന്ധത്തിന് കാരണമാകുന്നുണ്ടെന്ന് പ്രദേശവാസികളുടെ പരാതി. ഇത് എലികളും മറ്റ് മൃഗങ്ങളും പെരുകാന്‍ കാരണമാകുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. നഗരസഭയുടെ ഭാഗത്തുനിന്ന് അടിയന്തിര നടപടി ഉണ്ടാകണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വലിയ വെല്ലുവിളിയാണെന്നും കുന്നുകൂടിക്കിടക്കുന്ന അവശിഷ്ടങ്ങള്‍ പൂര്‍ണ്ണമായി നീക്കം ചെയ്യാന്‍ ആഴ്ചകളോളം സമയമെടുക്കുമെന്നും ഡിഡിഒ മേയര്‍ അലക്സ് ബൊട്ടൗസി വ്യക്തമാക്കി. നിലവില്‍ ശുചീകരണത്തിനായി പ്രത്യേക കരാറുകാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അയല്‍ നഗരങ്ങളായ ബീക്കണ്സ്ഫീല്ഡ്, കിര്‍ക്ക്ലാന്‍ഡ്, ഡോര്‍വല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രത്യേക സംഘങ്ങളും ശുചീകരണത്തില്‍ പങ്കാളികളാകുന്നുണ്ട്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തിലെ ഡ്രെയിനേജ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വരും ദിവസങ്ങളില്‍ (ഓഗസ്റ്റ് 6-ന്) നഗരസഭ ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും പ്രത്യേക യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
