Sunday, June 28, 2026

കാട്ടുതീ അനിയന്ത്രിതമായി പടരുന്നു; ലിന്‍ ലേക്കില്‍ അടിയന്തര ഒഴിപ്പിക്കല്‍ ഉത്തരവ്

മാനിറ്റോബ: നോര്‍ത്തേണ്‍ മാനിറ്റോബയിലെ ലിന്‍ ലേക്ക് (Lynn Lake) കമ്മ്യൂണിറ്റിയിലേക്ക് അതിവേഗം കാട്ടുതീ (Wildfire) പടരുന്നതിനെത്തുടര്‍ന്ന് അടിയന്തിരമായി ഒഴിപ്പിക്കല്‍ (Mandatory Evacuation Order) ഉത്തരവ് പുറപ്പെടുവിച്ചു. വിനിപെഗില്‍ നിന്നും ഏകദേശം 800 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തുനിന്നും ശനിയാഴ്ച വൈകുന്നേരം 4 മണിയോടെ വിമാനമാര്‍ഗ്ഗം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു തുടങ്ങി.

നിലവില്‍ നിയന്ത്രണാതീതവുമായി തുടരുന്നതുമായ ഈ കാട്ടുതീ വെള്ളിയാഴ്ചയോടെ 1,600 ഹെക്ടര്‍ പ്രദേശത്തേക്ക് പടര്‍ന്നിരുന്നു. ഞായറാഴ്ചയോടെ തീ ജനവാസ മേഖലയിലേക്ക് പൂര്‍ണ്ണമായും പടരാന്‍ സാധ്യതയുണ്ടെന്ന് ലിന്‍ ലേക്ക് മേയര്‍ ബ്രാന്‍ഡന്‍ ദുലെവിച്ച് പറഞ്ഞു. കാലാവസ്ഥ അനുകലമല്ലാത്തതിനാല്‍ അഗ്‌നിശമനസേനയ്ക്ക് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ടി വന്നതായി അധികൃതര്‍ വ്യക്തമാക്കി.

തീയണയ്ക്കാനുള്ള ജീവനക്കാരുടെയും ഉപകരണങ്ങളുടെയും കുറവും പ്രതിസന്ധിയാകുന്നതായി മേയര്‍ ആശങ്ക പ്രകടിപ്പിച്ചു. കഴിഞ്ഞ വര്‍ഷം മാത്രം രണ്ടുതവണ കാട്ടുതീ കാരണം ഇവിടുത്തെ അറുനൂറോളം വരുന്ന താമസക്കാര്‍ക്ക് വീടൊഴിഞ്ഞ് പോകേണ്ടി വന്നിരുന്നു. ആവശ്യത്തിന് പമ്പുകളും ഫയര്‍ ഹോസുകളും മുന്‍കൂട്ടി ലഭ്യമാക്കണമെന്ന് പ്രവിശ്യാ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇപ്പോഴും സമാനമായ ദുരവസ്ഥയിലൂടെ കടന്നുപോകേണ്ടി വരുന്നത് ഒരു ദുസ്വപ്നം പോലെയാണെന്ന് മേയര്‍ കൂട്ടിച്ചേര്‍ത്തു.

പ്രദേശത്തെ പല പ്രധാന ഹൈവേകളും കാട്ടുതീയെത്തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. സ്വന്തം വാഹനങ്ങളില്‍ രക്ഷപ്പെടാന്‍ സാധിക്കാത്തവര്‍ക്കായി ഞായറാഴ്ച രാവിലെയും വിമാന സര്‍വീസുകള്‍ തുടരും. ഒഴിഞ്ഞുപോകുന്ന ജനങ്ങള്‍ക്കായി ബ്രാന്‍ഡന്‍ നഗരത്തിലെ വിക്ടോറിയ ഇന്നില്‍ കനേഡിയന്‍ റെഡ് ക്രോസിന്റെ സഹായത്തോടെ താല്‍ക്കാലിക പുനരധിവാസ കേന്ദ്രം ഒരുക്കിയിട്ടുണ്ട്. നിര്‍ണ്ണായകമായ അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി വ്യവസായ മേഖലകളില്‍ സ്പ്രിംഗ്ലര്‍ സംവിധാനങ്ങള്‍ സ്ഥാപിച്ചുവരികയാണ്. അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ ലിന്‍ ലേക്ക് ഹോസ്പിറ്റല്‍ സജ്ജമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!