Saturday, August 29, 2026

മെറ്റയുടെ പുതിയ ഡാറ്റാ സെന്റര്‍: ആല്‍ബര്‍ട്ടയില്‍ വൈദ്യുതി ബില്‍ ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്

എഡ്മിന്റന്‍: ആല്‍ബര്‍ട്ടയിലെ സ്റ്റര്‍ജന്‍ കൗണ്ടിയില്‍ വരാനിരിക്കുന്ന മെറ്റയുടെ (Meta) പുതിയ ഡാറ്റാ സെന്റര്‍ പ്രദേശവാസികളുടെ വൈദ്യുതി നിരക്ക് കുത്തനെ ഉയര്‍ത്തിയേക്കാമെന്ന് പഠന റിപ്പോര്‍ട്ട്. പെംബിന ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട പഠനത്തിലാണ് ഈ മുന്നറിയിപ്പുള്ളത്.

വരുന്ന അഞ്ച് വര്‍ഷങ്ങളിലെ വൈദ്യുത വിതരണ നിരക്കുകളെ അടിസ്ഥാനമാക്കി നടത്തിയ വിശകലനമനുസരിച്ച്, ട്രാന്‍സ്മിഷന്‍ ഫീസില്‍ പ്രതിവര്‍ഷം 13 ഡോളറിന്റെ കുറവുണ്ടായേക്കാമെങ്കിലും വീടുകളിലെ ഊര്‍ജ്ജ ഉപയോഗ നിരക്കില്‍ പ്രതിവര്‍ഷം 282 ഡോളര്‍ മുതല്‍ 477 ഡോളര്‍ വരെ വര്‍ധനയുണ്ടായേക്കാം. ഡാറ്റാ സെന്റര്‍ പ്രവര്‍ത്തനക്ഷമമാകുന്നതും അതിന് ആവശ്യമായ പുതിയ വൈദ്യുതി നിലയം സജ്ജമാകുന്നതും തമ്മിലുള്ള സമയപരിധിയാണ് ഈ നിരക്ക് വര്‍ധനയ്ക്ക് പ്രധാന കാരണം.

ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കുന്നവര്‍ സ്വന്തമായി വൈദ്യുതി ഉല്‍പ്പാദിപ്പിക്കണമെന്ന ‘ബ്രിംഗ്-യുവര്‍-ഓണ്‍-ജനറേഷന്‍’ (BYOG) നയമാണ് ആല്‍ബര്‍ട്ട സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും, ഇത് സാധാരണക്കാരുടെ വൈദ്യുതി ബില്ലിനെ ബാധിക്കില്ലെന്നുമാണ് പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് വ്യക്തമാക്കുന്നത്. എന്നാല്‍, മെറ്റയുടെ 1-ഗിഗാവാട്ട് ശേഷിയുള്ള ഡാറ്റാ സെന്ററിനായി ക്യാപിറ്റല്‍ പവറുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം 2028-ല്‍ തന്നെ സംസ്ഥാന ഗ്രീഡില്‍ നിന്ന് വൈദ്യുതി ഉപയോഗിച്ചു തുടങ്ങും. എന്നാല്‍ ഇതിനായി നിര്‍മ്മിക്കുന്ന സ്വന്തം ഗ്യാസ് പ്ലാന്റ് 2030-ഓടെ മാത്രമേ പ്രവര്‍ത്തനക്ഷമമാകൂ. ഇത് വൈദ്യുതി നിരക്ക് ഉയര്‍ത്തുമെന്ന് എപ്‌കോര്‍ (EPCOR), ഡയറക്ട് എനര്‍ജി എന്നീ കമ്പനികളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

അതേസമയം, പെംബിന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് ജനങ്ങളില്‍ ഭീതി പരത്താനാണെന്ന് ആല്‍ബര്‍ട്ടയിലെ അഫോര്‍ഡബിലിറ്റി ആന്റ് യൂട്ടിലിറ്റീസ് മന്ത്രാലയം കുറ്റപ്പെടുത്തി. ഉപഭോക്താക്കള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് ഫിക്‌സഡ് റേറ്റ് ഓപ്ഷനുകള്‍ ലഭ്യമാണെന്നും, വിപണിയിലെ തരംഗങ്ങള്‍ ജനങ്ങളെ ബാധിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഫിക്‌സഡ് നിരക്കുകളിലും മാറ്റം വരുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡേവിഡ് പിക്ക്അപ്പ് ചൂണ്ടിക്കാട്ടി. സമഗ്രമായ ആഘാത പഠനം നടത്തുന്നതുവരെ പുതിയ ഡാറ്റാ സെന്റര്‍ അപേക്ഷകള്‍ നിറുത്തിവെക്കണമെന്ന് ആല്‍ബര്‍ട്ട പ്രതിപക്ഷ നേതാവ് നഹീദ് നെന്‍ഷി ആവശ്യപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!