കീവ്: യുക്രെയ്ന് തലസ്ഥാനമായ കീവിലെ ബൂച്ചാ ജില്ലയിലുള്ള സൈനിക ആയുധസംഭരണശാലയ്ക്ക് നേരെ റഷ്യ നടത്തിയ ശക്തമായ വ്യോമാക്രമണത്തില്‍ 37 പേര് കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ആയുധസംഭരണശാലയ്ക്ക് സമീപമുള്ള ജനവാസമേഖലയിലാണ് വലിയ തോതില്‍ ആളപായവും നാശനഷ്ടവും ഉണ്ടായിരിക്കുന്നത്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പ്രദേശത്തുനിന്നും 400-ലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
ആക്രമണത്തില്‍ വയോധികരുടെയും ഭിന്നശേഷിക്കാരുടെയും പരിചരണകേന്ദ്രവും തകര്‍ന്നതായി യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി വ്യക്തമാക്കി. ഈ വര്‍ഷം രാജ്യത്തുണ്ടായ ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിതെന്ന് ചൂണ്ടിക്കാണിച്ച സെലെന്‍സ്കി, ജനവാസമേഖലയ്ക്ക് സമീപം ആയുധങ്ങളും സ്ഫോടകവസ്തുക്കളും സൂക്ഷിച്ചതില്‍ സൈന്യത്തിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ഉത്തരവിട്ടു.

അതേസമയം, മൈലയിലെ (Myla) യുക്രെയ്ന് സൈനിക ആയുധസംഭരണശാല തന്നെയാണ് തങ്ങളുടെ പ്രാഥമിക ലക്ഷ്യമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ദീര്‍ഘദൂര ഡ്രോണുകളും ലോഞ്ച് ബൂസ്റ്ററുകളും ഇവിടെ വന്‍തോതില്‍ സൂക്ഷിച്ചിരുന്നതിനാലാണ് ആക്രമണം നടത്തിയതെന്നും റഷ്യ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
