ഓട്ടവ: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്കെതിരെ കാനഡയില്‍ പ്രതിഷേധം ശക്തം. യു.എസ്. ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിച്ചും അമേരിക്കയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കിയും കാനഡക്കാര്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
വില അല്പം കൂടുതലാണെങ്കിലും അമേരിക്കന്‍ സാധനങ്ങള്‍ ഒഴിവാക്കി കാനഡയില്‍ തന്നെ ഉണ്ടാക്കുന്ന സാധനങ്ങള്‍ വാങ്ങാനാണ് ഭൂരിഭാഗം പേരുടെയും തീരുമാനം. അബദ്ധത്തില്‍ വാങ്ങിപ്പോയ അമേരിക്കന്‍ സാധനങ്ങള്‍ കടകളില്‍ തിരികെ നല്‍കിയ സംഭവങ്ങള്‍ വരെയുണ്ട്. ശൈത്യകാലത്ത് അമേരിക്കയിലെ ഫ്‌ലോറിഡയിലും അരിസോണയിലും പോയി മാസങ്ങളോളം താമസിച്ചിരുന്ന പലരും അവിടുത്തെ വീടുകള്‍ വിറ്റഴിച്ച് കാനഡയിലേക്ക് തന്നെ മടങ്ങുകയാണ്. സ്വന്തം രാജ്യത്തെ സാമ്പത്തികമായി തകര്‍ക്കാന്‍ നോക്കുന്ന ഒരു രാജ്യത്ത് പോയി പണം ചെലവാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്നാണ് കാനഡക്കാരുടെ നിലപാട്.

പ്രമുഖ കനേഡിയന്‍ ഓണ്‍ലൈന്‍ മാധ്യമം നടത്തിയ അന്വേഷണത്തിലാണ് ആയിരക്കണക്കിന് സാധാരണക്കാരായ കാനഡക്കാര്‍ പ്രതിഷേധിക്കുന്ന വിവരം പുറത്തുവന്നത്. അതേസമയം, രാഷ്ട്രീയ കാരണങ്ങളാല്‍ അമേരിക്കയിലെ സാധാരണക്കാരായ കച്ചവടക്കാരെ ശിക്ഷിക്കരുത് എന്ന് കരുതി ഇപ്പോഴും അമേരിക്കന്‍ സാധനങ്ങള്‍ വാങ്ങുന്ന ചെറിയൊരു വിഭാഗവും കാനഡയിലുണ്ട്. എങ്കിലും, ഭൂരിഭാഗം ജനങ്ങളും ട്രംപിന്റെ നയങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ്.
