Sunday, June 28, 2026

ബ്രാംപ്ടണില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്

ബ്രാംപ്ടണ്‍: ബ്രാംപ്ടണില്‍ ശനിയാഴ്ച രാത്രി വൈകി ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. രാത്രി ഏകദേശം 10:44 ഓടെ മക്വീന്‍ ഡ്രൈവ് (McVean Drive), കണ്‍ട്രിസൈഡ് റോഡ് ജങ്ഷനിലാണ് അപകടമുണ്ടായത്.

ഒരു വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചതായി പീല്‍ റീജിയണല്‍ പോലീസ് സ്ഥിരീകരിച്ചു. ഈ വാഹനത്തിന്റെ ഡ്രൈവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. രണ്ടാമത്തെ വാഹനത്തില്‍ ഡ്രൈവറും മൂന്ന് യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. ഇതില്‍ ഡ്രൈവര്‍ക്കും ഒരു യാത്രക്കാരനും ജീവന് ഭീഷണിയാകുന്ന തരത്തിലും, മറ്റൊരു യാത്രക്കാരന് ജീവിതകാലം മുഴുവന്‍ ബാധിക്കാവുന്ന തരത്തിലുമുള്ള കടുത്ത പരുക്കുകളാണുള്ളത്. നാലാമത്തെയാളെ ഗുരുതരമല്ലാത്ത പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടവിവരമറിഞ്ഞ് പോലീസ് എത്തുമ്പോള്‍ ഒരു വാഹനം ജങ്ഷന്റെ നടുവിലും, രണ്ടാമത്തെ വാഹനം റോഡില്‍ നിന്ന് നിയന്ത്രണം വിട്ട് സമീപത്തെ ഒരു വീടിന്റെ മുന്‍വശത്തെ പുല്‍ത്തകിടിയിലേക്കും (Front lawn) പാഞ്ഞുകയറിയ നിലയിലുമായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍, ഒരു വാഹനം മക്വീന്‍ ഡ്രൈവിലൂടെ തെക്കോോട്ടും മറ്റേ വാഹനം കണ്‍ട്രിസൈഡ് റോഡിലൂടെ കിഴക്കോട്ടും സഞ്ചരിക്കുകയായിരുന്നു. ഇതില്‍ ഒരു വാഹനം ട്രാഫിക് സിഗ്‌നലിലെ ചുവപ്പ് ലൈറ്റ് അവഗണിച്ച് മുന്നോട്ട് പാഞ്ഞതാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസിന്റെ നിഗമനം.

അപകടത്തില്‍പ്പെട്ടവരെല്ലാം 20 വയസ്സ് പ്രായം വരുന്ന യുവാക്കളാണെന്നാണ് വിവരം. ഇവരുടെ ബന്ധുക്കളെ വിവരമറിയിക്കുന്ന ചടങ്ങുകള്‍ പുരോഗമിക്കുന്നതിനാല്‍ മറ്റ് വ്യക്തിഗത വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. അപകടത്തെത്തുടര്‍ന്ന് ഈ ജങ്ഷന്‍ വഴിയുള്ള ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!