ടൊറന്റോ: വവ്വാലുമായി ഏതെങ്കിലും തരത്തിലുള്ള സമ്പർക്കം ഉണ്ടായാൽ വൈകാതെ വൈദ്യസഹായം തേടണമെന്ന് കാനഡയിലെ ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. 2024-ൽ പേവിഷബാധയെ തുടർന്ന്11 വയസുകാരൻ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ മുന്നറിയിപ്പ്.കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ (CMAJ) പ്രസിദ്ധീകരിച്ച കേസ് റിപ്പോർട്ടിലാണ് സംഭവത്തിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കുകയാണ് റിപ്പോർട്ടിന്റെ ലക്ഷ്യമെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
വടക്കൻ ഒന്റാരിയോയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് കുട്ടിക്ക് അണുബാധയേറ്റത്. കുട്ടി ഉറക്കമുണർന്നപ്പോൾ തന്റെ മുഖത്തും മൂക്കിലും വവ്വാലിനെ കണ്ടിരുന്നു. എന്നാൽ മുറിവുകളോ പാടുകളോ ഇല്ലാതിരുന്നതിനാൽ മാതാപിതാക്കൾ ആദ്യം വൈദ്യസഹായം തേടിയില്ല. പിന്നീട് കുട്ടിക്ക് അസുഖം ബാധിക്കുകയും, പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.1967-ന് ശേഷം ഒന്റാരിയോയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഇത്തരത്തിലുള്ള ആദ്യത്തെ പ്രാദേശിക സംഭവമാണിത്.
ഏകദേശം മൂന്ന് ആഴ്ചകൾക്കുശേഷം കുട്ടിയുടെ മുഖത്തിന്റെ വലതുഭാഗത്ത് മരവിപ്പ്, ചൊറിച്ചിൽ, വീക്കം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായി. തുടർന്ന് മുഖപക്ഷാഘാതം (Bell’s palsy) ആണെന്ന് സംശയിച്ച് പ്രാഥമിക ചികിത്സ നൽകിയെങ്കിലും പിന്നീട് ഛർദി, ഭക്ഷണം വിഴുങ്ങുമ്പോഴുള്ള വേദന, സംസാരതടസം എന്നിവയും ഉണ്ടായി. ആരോഗ്യനില വഷളായതോടെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും പേവിഷബാധ സ്ഥിരീകരിച്ചു. പിന്നീട് കുട്ടി മരണത്തിന് കഴടങ്ങുകയായിരുന്നു.

പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമായാൽ നിലവിൽ ഫലപ്രദമായ ചികിത്സയില്ലെന്നും രോഗം മിക്കവാറും മരണത്തിലേക്ക് നയിക്കുമെന്നും ഡോക്ടർമാർ വ്യക്തമാക്കി. എന്നാൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് പ്രതിരോധ വാക്സിനും റാബീസ് ഇമ്യൂണോഗ്ലോബുലിനും സ്വീകരിച്ചാൽ രോഗബാധ തടയാൻ സാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.
വവ്വാലിന്റെ കടി അറിയാതെയും സംഭവിക്കാം
വവ്വാലുകളുടെ പല്ലുകൾ വളരെ ചെറുതായതിനാൽ കടിയേറ്റാലും പലപ്പോഴും തിരിച്ചറിയാൻ കഴിയില്ല. കൂടാതെ വവ്വാലിന്റെ ഉമിനീർ മുറിവുകളിലൂടെയോ കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെയോ ശരീരത്തിൽ പ്രവേശിച്ചാലും രോഗബാധ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ വവ്വാലുമായി നേരിട്ട് സ്പർശമുണ്ടായാൽ കടിയോ പോറലോ ഇല്ലെങ്കിലും ഉടൻ ഡോക്ടറെ സമീപിക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു.
പേവിഷബാധ വാക്സിൻ എങ്ങനെ നൽകും?
റാബീസ് ബാധിക്കാനുള്ള സാധ്യതയുള്ള സാഹചര്യങ്ങളിൽ ആദ്യ വാക്സിൻ ഉടൻ നൽകും. തുടർന്ന് മൂന്നാം, ഏഴാം, പതിനാലാം ദിവസങ്ങളിൽ തുടർ ഡോസുകളും നൽകും. ഇതിനൊപ്പം റാബീസ് ഇമ്യൂണോഗ്ലോബുലിൻ കുത്തിവയ്പും നൽകുന്നതിലൂടെ വൈറസിനെ തുടക്കത്തിൽ തന്നെ പ്രതിരോധിക്കാൻ ശരീരത്തെ സഹായിക്കുമെന്ന് വിദഗ്ധർ വിശദീകരിക്കുന്നു.
വാക്സിന്റെ പാർശ്വഫലങ്ങൾ സാധാരണയായി നേരിയ പനി, ക്ഷീണം, വിറയൽ തുടങ്ങിയ താൽക്കാലിക അസ്വസ്ഥതകളിൽ ഒതുങ്ങുന്നതാണ്. റാബീസ് ബാധിച്ചാൽ മരണസാധ്യത വളരെ കൂടുതലായതിനാൽ വാക്സിന്റെ ഗുണങ്ങൾ അപകടസാധ്യതകളെക്കാൾ വളരെ കൂടുതലാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.
