തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം പ്രതിചേർത്തു. കേസിലെ നാലാം പ്രതിയായാണ് അദ്ദേഹത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. 2025-ൽ ശബരിമലയിലെ സ്വർണപ്പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയ നടപടിയുമായി ബന്ധപ്പെട്ടാണ് പി എസ് പ്രശാന്തിനെതിരെ തെളിവുകൾ ലഭിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. സ്വർണപ്പാളികൾ കൈമാറിയ നടപടിയിൽ ക്രിമിനൽ ഗൂഢാലോചന നടന്നതായി എസ്ഐടി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അന്തരിച്ച മുൻ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവാണ് കേസിലെ ഒന്നാം പ്രതി. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി രണ്ടാം പ്രതിയും, സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി മൂന്നാം പ്രതിയും, ദേവസ്വം ബോർഡ് അംഗം അഡ്വ. എ അജികുമാർ അഞ്ചാം പ്രതിയുമാണ്. തന്ത്രി കണ്ഠരര് രാജീവർ ആറാം പ്രതിയായും തിരുവാഭരണം കമ്മീഷണർ രജിലാൽ ഏഴാം പ്രതിയായും കേസിലുണ്ട്.

40 വർഷം ഗ്യാരണ്ടിയുണ്ടെന്ന് പറയപ്പെട്ടിരുന്ന സ്വർണപ്പാളികൾക്ക് അഞ്ച് വർഷത്തിനുള്ളിൽ തന്നെ മങ്ങലേറ്റ സാഹചര്യത്തിൽ നിയമനടപടികൾ സ്വീകരിക്കുന്നതിന് പകരം, മുമ്പ് സ്വർണം കൊണ്ടുപോയ അതേ കമ്പനിക്ക് വീണ്ടും കൈമാറാൻ പി എസ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോർഡ് തീരുമാനിച്ചതാണ് ഗൂഢാലോചനയുടെ ഭാഗമെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. സ്വർണക്കൊള്ള മറച്ചുവെക്കാനായിരുന്നു ഈ നടപടിയെന്നും അന്വേഷണ റിപ്പോർട്ടിൽ ആരോപിക്കുന്നു.
അതേസമയം, 2025-ലെ സ്വർണം കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട കേസിൽ തന്ത്രി കണ്ഠരര് രാജീവരും പ്രതിയാണ്. നിലവിൽ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ദ്വാരപാലക, കട്ടിളപ്പാളി കേസുകളിൽ അദ്ദേഹം ജാമ്യത്തിലാണ്.ജനുവരി 16-ന് അറസ്റ്റിലായ കണ്ഠരര് രാജീവർക്ക് 40 ദിവസത്തെ ജയിൽവാസത്തിന് ശേഷം ഫെബ്രുവരി 18-ന് ജാമ്യം ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന എസ്ഐടിയുടെ ആവശ്യം ഹൈക്കോടതി അടുത്തിടെ തള്ളിയിരുന്നു.
