Tuesday, June 30, 2026

നിർഭാഗ്യമേ നിന്റെ പേരോ നെതർലാൻഡ്സ്! ലോകകപ്പ് വേദിയിൽ അവസാനിക്കാതെ ഡച്ച് പടയുടെ കണ്ണീർക്കഥ

ലോകകപ്പ് ചരിത്രത്തിലെ ദൗർഭാഗ്യത്തിന്റെ മറുപേരാണ് നെതർലാൻഡ്സ്. കപ്പിനും ചുണ്ടിനുമിടയിൽ കാലിടറി വീഴുന്ന അവരുടെ കണ്ണീരിന്റെ കഥയ്ക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. മൂന്ന് തവണ ലോകകപ്പ് ഫൈനലുകളിലെത്തിയിട്ടും തോറ്റു മടങ്ങേണ്ടി വന്ന ചരിത്രമുണ്ട് ഡച്ച് പടയ്ക്ക്. ഇപ്പോഴിതാ മറ്റൊരു നോക്കൗട്ട് പോരാട്ടം കൂടി അവർക്ക് ദുരന്തം കാത്തുവച്ചിരിക്കുന്നു.

തീരമണയും മുമ്പ് തകരുന്ന കപ്പൽ

പുൽമൈതാനങ്ങളിലെ പോരാട്ടങ്ങൾ ആർത്തലയ്ക്കുന്ന കടലാണെങ്കിൽ ആ വൻതിരമാലകളെ ഭേദിക്കാൻ ശേഷിയുള്ള പോരാളികൾ തന്നെയാണ് ഡച്ച് പട, സംശയം വേണ്ട. പക്ഷേ എല്ലാ പ്രതിബന്ധങ്ങളെയും ഭേദിച്ച് തീരമണയും മുമ്പ്, ലൈറ്റ് ഹൗസിന്റെ വെളിച്ചം കാണുന്ന ദൂരത്ത് വച്ച് തകർന്നു തരിപ്പണമാകുന്ന കപ്പൽ പോലെയാകും അവർ. കാലവും ചരിത്രവും ഡച്ച് പടയ്ക്ക് നൽകിയ ദൗർഭാഗ്യങ്ങളുടെ കഥയെ ഇങ്ങനെ വിശേഷിപ്പിച്ചു തുടങ്ങാം. ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയെങ്കിൽ ഫുട്ബോളിൽ അത് നെതർലാൻഡ്സ് ആണെന്ന് നഷ്ടങ്ങളുടെ ചരിത്രം നമ്മോട് പറയും.

ഫൈനലുകളിലെ കണ്ണീർപ്പാടുകൾ

നെതർലാൻഡിന്റെ വിജയം പ്രവചിച്ച മൂന്ന് ഫൈനലുകൾ, എന്നാൽ മൂന്നിലും നിരാശ മാത്രം:

  • 1974-ലെ ഒന്നാം അധ്യായം: ലോകകപ്പിന്റെ കലാശപ്പോരിൽ ഇതിഹാസ താരം യൊഹാൻ ക്രൈഫിന്റെ ചിറകിലേറി പശ്ചിമ ജർമ്മനിയോട് ഏറ്റുമുട്ടാനിറങ്ങിയപ്പോൾ പ്രവചനങ്ങളിലും മുൻവിധികളിലും ഒറ്റപ്പേര് മാത്രം… നെതർലാൻഡ്സ്. എന്നാൽ മുന്നിൽ നിന്ന നെതർലൻ്റിനെ മലർത്തിയടിച്ച് രണ്ടാംപകുതിയിൽ പശ്ചിമ ജർമ്മനിയുടെ കൗണ്ടർ അറ്റാക്ക്. 2-1ന് നെതർലൻഡ്സിന് തോൽവി. നിർഭാഗ്യ കഥയുടെ ഒന്നാം അധ്യായം അവിടെ തുടങ്ങി.
  • 1978-ലെ ശാപകഥ: രണ്ടാമത്തെ ഫൈനൽ ശാപകഥയിൽ എതിരാളികൾ അർജൻ്റീന. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 ന് സമനിലയിലായിരുന്നു. കളിയുടെ അവസാന നിമിഷങ്ങളിൽ ഡച്ച് താരം റോബ് റെൻസൻബ്രിങ്ക് അടിച്ച പന്ത് അർജൻ്റീനയുടെ ഗോൾപോസ്റ്റിൽ തട്ടി തെറിച്ചുപോയത് ഡച്ചുകാരുടെ നിർഭാഗ്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി. പിന്നീട് അധികസമയത്ത് അവർ കീഴടങ്ങി.
  • 2010-ലെ നിരാശ: 2010 ഫൈനലിൽ അധിക സമയത്ത് സ്പെയ്നിന്റെ ആന്ദ്രേ ഇനിയേസ്റ്റയുടെ ഗോൾ ബലത്തിൽ സ്പെയ്നിന്റെ വിജയ ഗാഥ രചിക്കപ്പെട്ടപ്പോൾ, നെതർലൻഡിന് വീണ്ടും നിരാശ മാത്രം ബാക്കിയായി.

പെനാൽറ്റിയിലെ വില്ലന്മാരും തനിയാവർത്തനവും

പെനാൽറ്റിയുടെ ചരിത്രങ്ങളും ഡച്ച് പടയ്ക്ക് പറയാനുള്ളത് പരിഭവ കഥകൾ മാത്രമാണ്. 2014 ബ്രസീൽ ലോകകപ്പ് ക്വാർട്ടറിൽ അർജൻ്റീനയോട് തോൽവി. 2022 ഖത്തർ ലോകകപ്പ് ക്വാർട്ടറിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം അവിശ്വസനീയമായി തിരികെ വന്ന് സമനില പിടിച്ചെങ്കിലും, പെനാൽറ്റിയിൽ വീണ്ടും അർജന്റീന വില്ലനായെത്തി, ദുരന്തകഥ ആവർത്തിച്ചു.
1974ൽ മ്യൂണിച്ചിൽ തുടങ്ങിയ കണ്ണീർ മുതൽ 2026ൽ മെക്സിക്കോയിലെ മോൻ്ററി സ്റ്റേഡിയത്തിലെ പെനാൽറ്റി ദുരന്തം വരെയുള്ള കഥകളിൽ നിരാശയുടെയും ഡച്ച് പടയുടെ ദൗർഭാഗ്യങ്ങളുടെയും കഥയൊളിഞ്ഞിരിക്കുന്നു. റൗണ്ട് ഓഫ് 32-വിൽ ആഞ്ഞു വീശിയ മൊറോക്കൻ കൊടുങ്കാറ്റിലും പെനാൽറ്റിയിലും ഡച്ച് പടയ്ക്ക് കാലിടറുമ്പോൾ അത് ദുരന്തങ്ങളുടെ തനിയാവർത്തനം ആകുന്നു. മോഹങ്ങളെല്ലാം മൊറോക്കോയ്ക്ക് മുന്നിൽ അടിയറ വച്ച് അവർ മടങ്ങുമ്പോൾ പഴയ ചരിത്രവും വർത്തമാന കാലവും അവരെ നോക്കി വീണ്ടും വിളിക്കുന്നു; ‘നിർഭാഗ്യമേ നിന്റെ പേരോ നെതർലാൻഡ്സ്’.

ഒരു ഡച്ച് വസന്തത്തിനായി…

യൊഹാൻ ക്രൈഫിനും, റൂഡ് ഗില്ലിറ്റിനും, ആര്യൻ റോബനുമെല്ലാം നഷ്ടമായ ആ കിരീടം ഒരിക്കലെങ്കിലും കൈക്കുമ്പിളിലേക്ക് എത്തുമെന്ന് അവർ കാത്തിരിക്കുന്നു. ദൗർഭാഗ്യങ്ങളുടെ ഭൂതകാലം താണ്ടി പുൽമൈതാനങ്ങളിൽ വിജയം രചിക്കുന്ന പുതിയ ഡച്ച് വസന്തങ്ങൾക്കായി ആരാധകരും ഇന്നും കാത്തിരിപ്പിലാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!