Tuesday, June 30, 2026

ജോലി നഷ്ടപ്പെടുമെന്ന ഭയം വേണ്ട; രോഗബാധിതരായ തൊഴിലാളികൾക്കായി പുതിയ നിയമവുമായി ന്യൂബ്രൺസ് വിക്

ഫ്രെഡറിക്ടൺ: രോഗബാധിതരായ തൊഴിലാളികൾക്ക് ജോലി സുരക്ഷ ഉറപ്പാക്കുന്ന പുതിയ നിയമം നടപ്പിലാക്കി കാനഡയിലെ ന്യൂബ്രൺസ് വിക് . ഇതോടെ രാജ്യത്തെ എല്ലാ 10 പ്രവിശ്യകളിലും ദീർഘകാല രോഗബാധിതരായ തൊഴിലാളികൾക്ക് തൊഴിൽ സംരക്ഷണം ഉറപ്പാക്കുന്ന നിയമം നിലവിൽ വന്നിരിക്കുകയാണ്.

പുതിയ നിയമപ്രകാരം, ഗുരുതരമായ രോഗമോ പരുക്കോ മൂലം ചികിത്സയിലായിരിക്കുന്ന ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുമെന്ന ആശങ്കയില്ലാതെ 27 ആഴ്ച വരെ ശമ്പളമില്ലാത്ത രോഗാവധി (Unpaid Sick Leave) എടുക്കാൻ കഴിയും. ഇതുവരെ ഇത്തരമൊരു തൊഴിൽ സംരക്ഷണ നിയമം നടപ്പിലാക്കാത്ത അവസാന കനേഡിയൻ പ്രവിശ്യയായിരുന്നു ന്യൂബ്രൺസ് വിക്.

കഴിഞ്ഞ ജൂൺ മാസത്തിലാണ് രോഗങ്ങളിൽ നിന്നും പരുക്കുകളിൽ നിന്നും സുഖം പ്രാപിക്കാൻ ആവശ്യമായ ശമ്പളമില്ലാത്ത അവധിയുടെ കാലാവധി അഞ്ച് ദിവസത്തിൽ നിന്ന് 27 ആഴ്ചയായി ഉയർത്തുന്ന നിയമഭേദഗതി ന്യൂബ്രൺസ് വിക് സർക്കാർ പാസാക്കിയത്. പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ ബ്രിട്ടീഷ് കൊളംബിയ മുതൽ ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ വരെയുള്ള എല്ലാ കനേഡിയൻ പ്രവിശ്യകളിലും സമാന തൊഴിൽ സംരക്ഷണം നിലവിലായി.

കെബെക് പ്രവിശ്യയിൽ രണ്ട് പതിറ്റാണ്ടിലേറെയായി ദീർഘകാല രോഗാവധി നിയമം നിലവിലുണ്ടെങ്കിലും, മറ്റ് പ്രവിശ്യകൾ കഴിഞ്ഞ രണ്ട് വർഷത്തിനിടെയാണ് സമാന നിയമങ്ങൾ നടപ്പിലാക്കിയത്. 2022-ൽ ഫെഡറൽ തലത്തിൽ ശമ്പളമില്ലാത്ത മെഡിക്കൽ അവധി 27 ആഴ്ചയാക്കുകയും എംപ്ലോയ്മെന്റ് ഇൻഷുറൻസ് (EI) രോഗകാല ആനുകൂല്യങ്ങളുടെ കാലാവധി 15 ആഴ്ചയിൽ നിന്ന് 26 ആഴ്ചയായി ഉയർത്തുകയും ചെയ്തതോടെയാണ് പ്രവിശ്യകളിലും സമാന നിയമപരിഷ്കാരങ്ങൾ ആരംഭിച്ചത്.

രാജ്യത്തെ തൊഴിലാളികൾക്കായി വർഷങ്ങളായി നടത്തിയ പ്രചാരണങ്ങളുടെ ഫലമായാണ് ഈ നിയമപരിഷ്കാരങ്ങൾ ഉണ്ടായതെന്ന് കനേഡിയൻ കാൻസർ സൊസൈറ്റി വ്യക്തമാക്കി. കാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾക്ക് ചികിത്സയിലുള്ളവർക്ക് സാമ്പത്തികവും തൊഴിൽപരവുമായ സുരക്ഷ ഉറപ്പാക്കാൻ പുതിയ നിയമം സഹായിക്കുമെന്നും സംഘടന വിലയിരുത്തി.

ചികിത്സാ കാലയളവിൽ ജോലി നഷ്ടപ്പെടുമെന്ന ഭയം ഒഴിവാക്കി രോഗമുക്തിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ തൊഴിലാളികൾക്ക് അവസരമൊരുക്കുന്നതാണ് ഈ നിയമമെന്ന് തൊഴിൽ അവകാശ സംഘടനകളും അഭിപ്രായപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!