Wednesday, July 1, 2026

പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ പ്രളയം; മധ്യ കാനഡയില്‍ ഉഷ്ണതരംഗം; കാലാവസ്ഥ വ്യതിയാനത്തില്‍ വലഞ്ഞ് കാനഡ

ഓട്ടവ: കാനഡയിലെ കാലാവസ്ഥാ വ്യതിയാനം ജനജീവിതം ദുസ്സഹമാക്കുന്നു. ഒരു വശത്ത് കടുത്ത ഉഷ്ണതരംഗവും മറുഭാഗത്ത് പ്രളയവും കാട്ടുതീയും കാനഡയെ ഒരേസമയം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സെന്‍ട്രല്‍ കാനഡയിലെ ടൊറന്റോ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കടുത്ത ചൂടിനെത്തുടര്‍ന്ന് എന്‍വയോണ്‍മെന്റ് കാനഡ ‘ഹീറ്റ് വാണിങ്’ പുറപ്പെടുവിച്ചു. പ്രായമായവരുടെയും തനിച്ചു താമസിക്കുന്നവരുടെയും ആരോഗ്യാവസ്ഥ ജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഒന്റാരിയോ, കെബെക് പ്രവിശ്യകളില്‍ താപനില 34 മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. കാനഡ ദിനത്തിലെ അവധി ആഘോഷങ്ങള്‍ക്കും ടൊറന്റോയില്‍ നടക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ക്കും ഈ അത്യുഷ്ണം വെല്ലുവിളിയാകുന്നുണ്ട്. ടൊറന്റോ നഗരസഭ പാര്‍ക്കുകളില്‍ മൊബൈല്‍ കുടിവെള്ള സ്റ്റേഷനുകള്‍ സ്ഥാപിക്കുകയും നീന്തല്‍ക്കുളങ്ങളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ താപനിലയില്‍ നേരിയ കുറവുണ്ടാകുമെന്നാണ് പ്രവചനം.

എന്നാല്‍ പടിഞ്ഞാറന്‍ കാനഡയില്‍ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. ആല്‍ബര്‍ട്ട പ്രവിശ്യയിലെ കനത്ത മഴയെത്തുടര്‍ന്ന് നദികളില്‍ ജലനിരപ്പ് അപകടകരമാംവിധം ഉയരുകയും പ്രളയ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. കനാസ്‌കിസ് എന്ന വിനോദസഞ്ചാര മേഖലയില്‍ റോഡുകള്‍ വെള്ളത്തിനടിയിലായതിനെത്തുടര്‍ന്ന് 1500ഓളം ക്യാമ്പര്‍മാര്‍ ഒറ്റപ്പെട്ടുപോയി. പ്രശസ്തമായ ‘കാല്‍ഗറി സ്റ്റാമ്പീഡ്’ മേള വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെ കാല്‍ഗറിയിലെ ബോ, എല്‍ബോ നദികളില്‍ ജലനിരപ്പ് ഉയര്‍ന്ന നിലയിലാണ്.

ഇതിനുപുറമേ സസ്‌കച്വാനിലെ കാട്ടുതീയില്‍ നിന്നുള്ള പുക കാല്‍ഗറി, എഡ്മിന്റണ്‍, ബാന്‍ഫ്, ഫോര്‍ട്ട് മക്മുറെ തുടങ്ങിയ നഗരങ്ങളിലേക്ക് പടര്‍ന്നതിനെത്തുടര്‍ന്ന് വായുനിലവാര മുന്നറിയിപ്പും പുറപ്പെടുവിച്ചു. വരും ദിവസങ്ങളില്‍ മാനിറ്റോബയില്‍ പ്രളയസാധ്യതയുണ്ടെന്നും തടാകങ്ങളിലെ ജലനിരപ്പ് ഒരു മീറ്ററോളം ഉയര്‍ന്നേക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കാനഡയ്ക്ക് പുറമേ അയല്‍രാജ്യമായ അമേരിക്കയിലെ മിഡ്വെസ്റ്റ്, ഗ്രേറ്റ് ലേക്‌സ് മേഖലകളും കടുത്ത ചൂടില്‍ വെന്തുരുകുകയാണ്. പലയിടങ്ങളിലും ചൂടിന്റെ തീവ്രത അളക്കുന്ന ഹീറ്റ് ഇന്‍ഡക്‌സ് 37.8 ഡിഗ്രി സെല്‍ഷ്യസിനും മുകളിലാണ്. എസി ഇല്ലാത്ത വീടുകളില്‍ കഴിയുന്നവര്‍ക്ക് ഇത് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് നാഷണല്‍ വെതര്‍ സര്‍വീസ് മുന്നറിയിപ്പ് നല്‍കി. ഡെട്രോയിറ്റില്‍ താപനില 38 ഡിഗ്രി വരെ ഉയര്‍ന്നേക്കാം. നഗരത്തിലെ റീക്രിയേഷന്‍ സെന്ററുകള്‍ ജനങ്ങള്‍ക്ക് തണുപ്പേകാനായി രാത്രി 11 മണി വരെ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. മിഷിഗണ്‍, ഇല്ലിനോയിസ്, ഒഹായോ, ഇന്‍ഡ്യാന തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം കടുത്ത ഉഷ്ണതരംഗത്തിന്റെ പിടിയിലാണ്. വരും ദിവസങ്ങളില്‍ ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍ ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ നഗരങ്ങളിലേക്കും ഈ ഉഷ്ണതരംഗം വ്യാപിക്കും. ഫിലാഡല്‍ഫിയയില്‍ ഹീറ്റ് എമര്‍ജന്‍സി പ്രഖ്യാപിക്കുകയും ലോകകപ്പ് ഫാന്‍ ഫെസ്റ്റിവല്‍ നടക്കുന്ന സ്ഥലങ്ങളില്‍ മെഡിക്കല്‍ സ്റ്റേഷനുകളും വാട്ടര്‍ റീഫില്‍ സ്റ്റേഷനുകളും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

യൂറോപ്പിലും സ്ഥിതി സമാനമാണ്. കഴിഞ്ഞ ആഴ്ച ഫ്രാന്‍സിലുണ്ടായ കടുത്ത ഉഷ്ണതരംഗത്തെത്തുടര്‍ന്ന് ആയിരത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായതായി ഫ്രഞ്ച് പബ്ലിക് ഹെല്‍ത്ത് ഏജന്‍സി വ്യക്തമാക്കി. ലോകത്ത് ഏറ്റവും വേഗത്തില്‍ ചൂടുപിടിക്കുന്ന ഭൂഖണ്ഡം യൂറോപ്പാണെന്നും പൗരന്മാരെ സംരക്ഷിക്കാന്‍ കൂടുതല്‍ നടപടികള്‍ വേണമെന്നും ലോകാരോഗ്യ സംഘടന (WHO) മുന്നറിയിപ്പ് നല്‍കി. ജര്‍മ്മനിയില്‍ ചൂട് കാരണം കാട്ടുതീ പടരുകയും ബര്‍ലിനില്‍ ജനക്കൂട്ടത്തെ തണുപ്പിക്കാനായി പൊലീസിന് വാട്ടര്‍ കാനനുകള്‍ ഉപയോഗിക്കേണ്ടി വരികയും ചെയ്തു. ഗ്ലോബല്‍ വാര്‍മിങ് കാരണം ആഗോളതലത്തില്‍ കാലാവസ്ഥാ വ്യതിയാനം എത്രത്തോളം രൂക്ഷമാണെന്നാണ് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!