Wednesday, July 1, 2026

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ കുന്നുകൂടുന്നു: പുതിയ ടോ ലോട്ടുമായി എഡ്മിന്റണ്‍

എഡ്മിന്റണ്‍: എഡ്മിന്റണ്‍ നഗരത്തിലെ തെരുവുകളിലും ഇടവഴികളിലും പാര്‍ക്കിങ് കേന്ദ്രങ്ങളിലും ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങളുടെ എണ്ണം കുന്നുകൂടുന്നു. ഈ പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ താല്ക്കാലിക ഇമ്പൗണ്ട് ലോട്ടുമായി (പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലം) നഗരസഭ രംഗത്ത്. 122-ാം സ്ട്രീറ്റിനും 124-ാം അവന്യൂവിനും സമീപം ആരംഭിച്ച പുതിയ ലോട്ടില്‍ ഏകദേശം 150 വാഹനങ്ങള്‍ വരെ സൂക്ഷിക്കാന്‍ ശേഷിയുണ്ട്. എന്നാല്‍ നിലവില്‍ നഗരത്തില്‍ നാനൂറോളം വാഹനങ്ങളാണ് അധികൃതര്‍ക്ക് തെരുവില്‍ നിന്ന് കണ്ടുകെട്ടി മാറ്റാനുള്ളത്.

പ്രധാന ഇമ്പൗണ്ട് ലോട്ട് പൂര്‍ണ്ണമായി നിറഞ്ഞതിനെത്തുടര്‍ന്ന് ഈ വര്‍ഷം ആദ്യം എഡ്മന്റണ്‍ പൊലീസും നഗരസഭയും തെരുവുകളില്‍ നിന്ന് വാഹനങ്ങള്‍ മാറ്റുന്നത് നിര്‍ത്തിവച്ചിരുന്നു. സാധാരണയായി ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാറുള്ള അധിക സ്ഥലം നിലവില്‍ ‘യെല്ലോഹെഡ് ട്രെയില്‍’ ഫ്രീവേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മ്മാണ സാമഗ്രികള്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. വരും ദിവസങ്ങളില്‍ പ്രതിദിനം 10 മുതല്‍ 15 വരെ വാഹനങ്ങള്‍ വീതം ഘട്ടംഘട്ടമായി പുതിയ ലോട്ടിലേക്ക് മാറ്റാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. യെല്ലോഹെഡ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഡിസംബറോടെ പഴയ ഓവര്‍ഫ്‌ലോ ലോട്ട് തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നഗരസഭയുടെ പുതിയ നീക്കം നിലവിലെ സമ്മര്‍ദ്ദം കുറയ്ക്കുമെങ്കിലും ഇതൊരു ശാശ്വത പരിഹാരമല്ലെന്ന് വാര്‍ഡ് അനിര്‍നിഖ് കൗണ്‍സിലര്‍ എറിന്‍ റഥര്‍ഫോര്‍ഡ് പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പാര്‍ക്കിങ് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പരാതികളില്‍ 45 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. നാനൂറിലും അഞ്ഞൂറിലും അധികം വാഹനങ്ങള്‍ മാറ്റാനായി കാത്തു കിടക്കുമ്പോള്‍ 150 വാഹനങ്ങള്‍ മാത്രം കൊള്ളുന്ന പുതിയ ലോട്ട് കൊണ്ട് പ്രശ്‌നം പൂര്‍ണ്ണമായി പരിഹരിക്കാനാകില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങളുടെ ജനലുകള്‍ തകര്‍ക്കപ്പെടുന്നത് സാമൂഹിക വിരുദ്ധരുടെ താവളങ്ങളായി മാറാന്‍ കാരണമാകുന്നുണ്ടെന്നും, കവലകളില്‍ ഇവ പാര്‍ക്ക് ചെയ്യുന്നത് വലിയ സുരക്ഷാ ഭീഷണിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പൊതുസ്ഥലങ്ങളില്‍ ഒരേ സ്ഥലത്ത് തുടര്‍ച്ചയായി 72 മണിക്കൂറിലധികം മാറ്റമില്ലാതെ കിടക്കുന്ന വാഹനങ്ങളെയാണ് നിയമപരമായി ഉപേക്ഷിക്കപ്പെട്ടവയായി കണക്കാക്കുന്നത്. പാര്‍ക്കിങ് ബൈലോ ഓഫീസര്‍മാര്‍ ഇത്തരം വാഹനങ്ങള്‍ക്ക് ആദ്യം പിഴ ചുമത്തുകയും പിന്നീട് മാറ്റാനായി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യുന്നത്. മെയ് 26-ന് 693 വാഹനങ്ങള്‍ മാറ്റാനുണ്ടായിരുന്ന സ്ഥാനത്ത് പുതിയ ലോട്ട് വന്നതോടെ ജൂണ്‍ 26 ആയപ്പോഴേക്കും ഇത് 362 ആയി കുറഞ്ഞിട്ടുണ്ടെന്ന് പാര്‍ക്കിങ് എന്‍ഫോഴ്‌സ്‌മെന്റ് സൂപ്രണ്ട് അലന്‍ ലെ അറിയിച്ചു.

ടിക്കറ്റ് ലഭിച്ചതിനെത്തുടര്‍ന്ന് ഉടമകള്‍ തന്നെ പല വാഹനങ്ങളും മാറ്റിയതാണ് ഈ കുറവിന് കാരണം. അതേസമയം, കൂടുതല്‍ വലിയ ഒരു സ്ഥിരം ഇമ്പൗണ്ട് ലോട്ട് വേണമെന്ന കൗണ്‍സിലറുടെ ആവശ്യം ഫണ്ടിന്റെ ലഭ്യതക്കുറവ് മൂലം പൊലീസ് കമ്മീഷന്‍ തള്ളിക്കളഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!