കാല്‍ഗറി: ആല്‍ബര്‍ട്ട പ്രവിശ്യയില്‍ നിന്നും ബ്രിട്ടിഷ് കൊളംബിയ (ബി.സി.) തീരം വരെ നീളുന്ന വന്‍കിട എണ്ണ പൈപ്പ് ലൈന്‍ പദ്ധതിയുടെ റൂട്ടും നിര്‍മ്മാണ പങ്കാളികളെയും പ്രഖ്യാപിച്ചു. ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയുമായി കേന്ദ്ര സര്‍ക്കാര്‍ ഒപ്പുവെച്ച ചരിത്രപരമായ കരാറിന് പിന്നാലെ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും ആല്‍ബര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്തും കാല്‍ഗറിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്. വരും ദശകങ്ങളില്‍ പ്രവിശ്യാ-ഫെഡറല്‍ സര്‍ക്കാരുകള്‍ക്ക് കോടിക്കണക്കിന് ഡോളറിന്റെ വരുമാനം നേടിത്തരുന്നതാണ് ഈ പദ്ധതിയെന്ന് ഡാനിയേല്‍ സ്മിത്ത് വ്യക്തമാക്കി.
ആല്‍ബര്‍ട്ടയിലെ ബ്രൂഡര്ഹൈം നഗരം മുതല്‍ വന്‍കൂവറിന് തെക്കുള്ള ഡെല്‍റ്റയിലെ ടെര്‍മിനല്‍ വരെയാണ് പുതിയ പൈപ്പ് ലൈന്‍ നിര്‍മ്മിക്കാന്‍ വിഭാവനം ചെയ്തിരിക്കുന്നത്. നിലവിലുള്ള ട്രാന്‍സ് മൗണ്ടന്‍ പൈപ്പ് ലൈന്‍ റൂട്ടിന് സമാന്തരമായി നിര്‍മ്മിക്കുന്ന ഈ സംവിധാനത്തിലൂടെ പ്രതിദിനം പത്ത് ലക്ഷത്തിലധികം ബാരല്‍ എണ്ണ ഏഷ്യന്‍ വിപണികളിലേക്ക് കയറ്റി അയക്കാന്‍ സാധിക്കും. ഏകദേശം 35.2 ബില്യണ്‍ ഡോളര്‍ മുതല്‍ 43.7 ബില്യണ്‍ ഡോളര്‍ വരെയാണ് പദ്ധതിയുടെ ആകെ നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ ഒന്നോടെ പ്രൊജക്റ്റ് ഓഫീസിന്റെ അന്തിമ അനുമതി വാങ്ങാനാണ് നിലവിലെ നീക്കം.

ഫെഡറല്‍ പൊതുമേഖലാ സ്ഥാപനമായ ട്രാന്‍സ് മൗണ്ടന്‍ കോര്പ്പറേഷന്, കാല്‍ഗറി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെംബിന പൈപ്പ് ലൈന്‍ എന്നിവരുമായി ചേര്‍ന്നാണ് ആല്‍ബര്‍ട്ട സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്. ഇതില്‍ പെംബിന കമ്പനിക്ക് തുടക്കത്തില്‍ പത്ത് ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും. പൈപ്പ് ലൈന്‍ കടന്നുപോകുന്ന വഴികളിലെ നൂറിലധികം തദ്ദേശീയ ഗോത്രവര്‍ഗ്ഗ (ഇന്‍ഡിജനസ്) സമൂഹങ്ങളുമായി ഉടനടി ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി അറിയിച്ചു. പദ്ധതിയുമായി സഹകരിക്കുന്ന തദ്ദേശീയ സമൂഹങ്ങള്‍ക്ക് സാമ്പത്തിക പങ്കാളിത്തവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
പൈപ്പ് ലൈന്‍ പദ്ധതിയെ ശക്തമായി എതിര്‍ത്തിരുന്ന ബ്രിട്ടിഷ് കൊളംബിയ പ്രീമിയര്‍ ഡേവിഡ് എബിയുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകള്‍ വിജയകരമായതാണ് പദ്ധതിക്ക് വഴിത്തിരിവായത്. പരിസ്ഥിതി മലിനീകരണ സാധ്യതകള്‍ക്കുള്ള പൂര്‍ണ്ണ സാമ്പത്തിക ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന വ്യവസ്ഥയിലാണ് ബി.സി. സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയത്. കൂടാതെ ബ്രിട്ടിഷ് കൊളംബിയക്ക് വാര്‍ഷിക റോയല്‍റ്റി നല്‍കാനും ഡെല്‍റ്റയിലെ റോബര്‍ട്ട്സ് ബാങ്ക് ടെര്‍മിനല്‍ നവീകരണത്തിനായി കേന്ദ്രം 10 ബില്യണ്‍ ഡോളര്‍ നിണ്നയിക്കാനും കരാറില്‍ ധാരണയായിട്ടുണ്ട്.
അതേസമയം പദ്ധതിക്കെതിരെ പരിസ്ഥിതി സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. പൊതുപണം ഉപയോഗിച്ച് വന്‍കിട എണ്ണക്കമ്പനികളെ സഹായിക്കുന്ന നീക്കമാണിതെന്ന് ഫെഡറല്‍ എന്‍.ഡി.പി. നേതാവ് അവി ലൂയിസ് കുറ്റപ്പെടുത്തി. എന്നാല്‍ ആല്‍ബര്‍ട്ട എന്‍.ഡി.പി. നേതാവ് നഹീദ് നെന്‍ഷി പദ്ധതിയെ സ്വാഗതം ചെയ്തപ്പോള്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ലീഡര്‍ പിയര്‍ പൊളിയേവ് പ്രധാനമന്ത്രിയുടെ ചില നിയന്ത്രണങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചു.
