മൺട്രിയോൾ: കാനഡയിലെ മൺട്രിയോൾ നഗരപരിസരത്തെ സർ വിൽഫ്രിഡ് ലോറിയർ സ്കൂൾ ബോർഡിന്റെ (Sir Wilfrid Laurier School Board) ഗുരുതരമായ പിഴവിനെ തുടർന്ന് നൂറുകണക്കിന് മാതാപിതാക്കളുടെ സ്വകാര്യ വിവരങ്ങൾ അബദ്ധത്തിൽ ഇ-മെയിൽ വഴി പുറത്തായി. റോസ്മെയർ ഹൈസ്കൂളിലെ വിദ്യാർഥികളുടെ മാതാപിതാക്കൾക്കാണ് സ്കൂൾ ബോർഡ് രഹസ്യവിവരങ്ങൾ അടങ്ങിയ എക്സൽ ഫയൽ അയച്ചത്.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.27-നാണ് “ROSEMERE HIGH SCHOOL – Back to School 2026-27” എന്ന വിഷയത്തോട് കൂടിയ ഇ-മെയിൽ മാതാപിതാക്കൾക്ക് ലഭിച്ചത്. ഇതോടൊപ്പം അയച്ച എക്സൽ ഫയലിൽ മാതാപിതാക്കളുടെ പേരുകൾ, ജനനത്തീയതി, സോഷ്യൽ ഇൻഷുറൻസ് നമ്പർ (SIN), ഫോൺ നമ്പറുകൾ, ഇ-മെയിൽ വിലാസങ്ങൾ, ജന്മരാജ്യം, അടിയന്തരമായി ബന്ധപ്പെടേണ്ടവരുടെ വിവരങ്ങൾ തുടങ്ങിയ അതീവ രഹസ്യസ്വഭാവമുള്ള വ്യക്തിഗത വിവരങ്ങൾ ഉൾപ്പെട്ടിരുന്നു.
പിഴവ് തിരിച്ചറിഞ്ഞ സ്കൂൾ ബോർഡ് ഉടൻ തന്നെ മാതാപിതാക്കൾക്ക് അടിയന്തര സന്ദേശം അയച്ച് ഇ-മെയിൽ തുറക്കരുതെന്നും ലഭിച്ച സന്ദേശം ഉടൻ തന്നെ ഡിലീറ്റ് ചെയ്യണമെന്നും നിർദേശിച്ചു. തുടർന്ന് ഇ-മെയിൽ റീകോൾ (Recall) ചെയ്തു. അബദ്ധത്തിൽ ലഭിച്ച എക്സൽ ഫയൽ ഇല്ലാതാക്കിയെന്നും അതിലെ വിവരങ്ങൾ മറ്റാരുമായും പങ്കുവെച്ചിട്ടില്ലെന്നും സ്ഥിരീകരിക്കുന്ന രേഖയിൽ മാതാപിതാക്കൾ ഒപ്പുവെക്കണമെന്ന് സ്കൂൾ ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. അബദ്ധത്തിൽ സംഭവിച്ചതാണെന്നും റോസ്മെയർ ഹൈസ്കൂളിലെ വിദ്യാർഥികളുടെ മാതാപിതാക്കൾക്ക് മാത്രമാണ് ഈ ഇ-മെയിൽ ലഭിച്ചതെന്നും സ്കൂൾ ബോർഡ് അറിയിച്ചു. വിവരചോർച്ചയ്ക്ക് കാരണമായ സാഹചര്യങ്ങൾ സംബന്ധിച്ച് ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.

വിവരം ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ സ്കൂൾ ബോർഡ് മാതാപിതാക്കളോട് ക്ഷമാപണം നടത്തിയിട്ടുണ്ട്.സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് സ്കൂൾ ബോർഡ് ചെയർപേഴ്സൺ ജെയിംസ് ഡി സാനോ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വിവരസുരക്ഷാ നടപടിക്രമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും സ്കൂൾ ബോർഡ് ഉറപ്പുനൽകി.
ഈ വലിയ സുരക്ഷാവീഴ്ചയിൽ രക്ഷിതാക്കൾ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. കാരണം സോഷ്യൽ ഇൻഷുറൻസ് നമ്പർ പോലുള്ള വിവരങ്ങൾ തെറ്റായ കൈകളിൽ എത്തിയാൽ വലിയ സാമ്പത്തിക തട്ടിപ്പുകൾക്കും വ്യക്തിത്വ മോഷണത്തിനും സാധ്യതയുണ്ടെന്നും രക്ഷിതാക്കൾ പറഞ്ഞു.
