ടെഹ്റാന്: കൊല്ലപ്പെട്ട ഇറാന് മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്കാരച്ചടങ്ങുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ വിവിധ രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടതായി ഇറാന് വ്യക്തമാക്കി. ഖമനയിയുടെ ചടങ്ങുകളില്‍ പങ്കെടുക്കരുതെന്ന് അറബ് – ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് മേല്‍ അമേരിക്ക ശക്തമായ നയതന്ത്ര സമ്മര്‍ദ്ദം ചെലുത്തിയതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്നിം റിപ്പോര്‍ട്ട് ചെയ്തു. യു.എസ് മുന്നറിയിപ്പ് അനുസരിച്ച് ആകെ 13 രാഷ്ട്രങ്ങള്‍ ചടങ്ങില്‍ നിന്ന് പൂര്‍ണ്ണമായി വിട്ടുനില്‍ക്കുകയോ അല്ലെങ്കില്‍ തങ്ങളുടെ പ്രതിനിധികളുടെ പങ്കാളിത്തം ചുരുക്കുകയോ ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അഞ്ച് അറബ് രാഷ്ട്രത്തലവന്മാരെ നേരിട്ട് വിളിച്ച് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടതായാണ് വിവരം. സംസ്കാരച്ചടങ്ങില്‍ പങ്കെടുത്താല്‍ നല്‍കിവരുന്ന സാമ്പത്തിക സഹായധനം വെട്ടിക്കുറയ്ക്കുമെന്നും, വാഷിങ്ടണുമായുള്ള ഉഭയകക്ഷി ബന്ധങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും യു.എസ് കടുത്ത മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കയുടെ ഈ കര്‍ശന നിലപാടിനെത്തുടര്‍ന്ന് യു.എ.ഇ, കുവൈത്ത്, ബഹ്റൈന്‍ തുടങ്ങിയ പ്രമുഖ അറബ് രാജ്യങ്ങള്‍ ചടങ്ങുകളില്‍ നിന്ന് വിട്ടുനിന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, നയതന്ത്ര തലത്തിലെ ഈ തര്‍ക്കങ്ങള്‍ക്കിടയിലും ഖമനയിയുടെ ശവസംസ്കാരം അവസാനിക്കുന്നതു വരെ ഇറാനുമേല്‍ യാതൊരുവിധ ആക്രമണങ്ങളും ഉണ്ടാകില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷമേ ഇറാനുമായുള്ള ചര്‍ച്ചകള്‍ ഔദ്യോഗികമായി തുടരുകയുള്ളൂ എന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച മഷ്ഹദിലാണ് ഖമനയിയുടെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയാകുക.
ആധുനിക ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടമാണ് മുന്‍ പരമോന്നത നേതാവിന് വിടചൊല്ലാനായി തലസ്ഥാനമായ ടെഹ്റാനില്‍ ഒത്തുകൂടിയത്. ഗ്രാന്‍ഡ് മൊസല്ല മതസമുച്ചയത്തില്‍ നിന്ന് ആരംഭിച്ച വിലാപയാത്രയില്‍ ലക്ഷക്കണക്കിന് ജനങ്ങളാണ് അണിനിരന്നത്. മാതൃരാജ്യത്തോടുള്ള ആദരസൂചകമായി ഇറാനിയന്‍ പതാകകളും, ഒപ്പം ഷിയാ ആചാരങ്ങളുടെ ഭാഗമായ ചുവപ്പും പച്ചയും കൊടികളുമേന്തിയാണ് ജനക്കൂട്ടം വിലാപയാത്രയെ അനുഗമിച്ചത്.
