Tuesday, July 7, 2026

കള്ളാടി മണ്ണിടിച്ചിൽ: 5 മരണം, 8 പേരെ കാണാതായി, സ്നിഫർ നായകളുമായി പരിശോധന

വയനാട്: കനത്ത മഴയെ തുടർന്ന് വയനാട് കള്ളാടിയിൽ തുരങ്കപാത നിർമാണ മേഖലയ്ക്ക് സമീപമുണ്ടായ വൻ മണ്ണിടിച്ചിലിൽ മരണസംഖ്യ അഞ്ചായി ഉയർന്നു. 8 പേരെ കാണാനില്ല. ഇവർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. രാത്രിയും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അതേസമയം മൂന്ന് മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ലഭിച്ചത് അതിഥി തൊഴിലാളികളായ പുരുഷന്മാരുടെ മൃതദേഹങ്ങൾ.

മണ്ണിടിച്ചിലിൽ തുരങ്കപാത നിർമാണത്തിനായി ഒരുക്കിയ കോൺക്രീറ്റ് ഭിത്തിയും തകർന്നു. അപകടത്തിൽ കുടുങ്ങിയ ഒമ്പത് പേരെ രക്ഷപ്പെടുത്തി ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കാണാതായവരെ കണ്ടെത്തുന്നതിനായി സ്നിഫർ നായകളെ എത്തിച്ചുള്ള പരിശോധന തുടരുകയാണ്.

മീനാക്ഷി പാലത്തിന് സമീപമാണ് അപകടമുണ്ടായത്. കനത്ത മഴയെ തുടർന്ന് നിർമാണ ജോലികൾ നേരത്തെ നിർത്തിവച്ചിരുന്നു. എന്നാൽ പ്രദേശത്തുണ്ടായിരുന്ന തൊഴിലാളികളും സമീപത്തുണ്ടായിരുന്ന വാഹനങ്ങളും മണ്ണിടിച്ചിലിൽ അകപ്പെട്ടു. അഗ്നിരക്ഷാസേനയും ദുരന്തനിവാരണ സേനയും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. രക്ഷാപ്രവർത്തനത്തിനിടെ മേപ്പാടി പൊലീസ് സ്റ്റേഷനിലെ എസ്.ഐക്കും പരുക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വയനാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 265 മില്ലിമീറ്റർ മഴ ലഭിച്ചതായാണ് വിവരം. കനത്ത മഴ തുടരുന്നതിനാൽ കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

തുരങ്കപാത നിർമാണത്തിനായി അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണ് അപകടത്തിന് കാരണമെന്ന് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു.പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നതിനാൽ അപകടസമയത്ത് സ്ഥലത്ത് കൂടുതൽ തൊഴിലാളികൾ ഉണ്ടായിരുന്നില്ല. തുരങ്കപാത നിർമാണ കമ്പനിക്ക് വീഴ്ചയുണ്ടായെന്നും അപകട മുന്നറിയിപ്പ് കൊങ്കൺ കമ്പനി അവഗണിച്ചെന്നും മന്ത്രി പറഞ്ഞു. അതേസമയം, പ്രകൃതി ദുരന്തമാണ് സംഭവിച്ചതെന്നും നിർമാണ പ്രവർത്തനമല്ല അപകടത്തിന് കാരണമെന്നും കമ്പനി അധികൃതർ പറയുന്നു. സ്ഥിതിഗതികൾ വിലയിരുത്താനായി മന്ത്രിമാരായ ടി സിദ്ദിഖും എ പി അനിൽകുമാറും കള്ളാടിയിലെത്തി. രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്.

പ്രദേശത്തെ ബസ് സ്റ്റോപ്പ് പൂർണമായി തകർന്നു. പാലം അപകടാവസ്ഥയിലായതിനാൽ സമീപത്തെ വീടുകളിലെ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ചുളിക്ക ഗവ എൽ.പി സ്കൂളിലാണ് ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!