Wednesday, July 8, 2026

64 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുങ്ങിയ കപ്പല്‍ കണ്ടെത്തി; ‘ക്വസ്റ്റ്’ന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി കനേഡിയന്‍ ഗവേഷകര്‍

സെന്റ് ജോണ്‍സ്: വിഖ്യാത സമുദ്രപര്യവേക്ഷകന്‍ സര്‍ ഏണസ്റ്റ് ഷാക്കിള്‍ട്ടന്‍ (Sir Ernest Shackleton) അവസാനമായി യാത്ര ചെയ്ത ‘ക്വസ്റ്റ്’ (Quest) എന്ന കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. റോയല്‍ കനേഡിയന്‍ ജിയോഗ്രഫിക്കല്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ചെറുസംഘമാണ് 1962-ല്‍ ലാബ്രഡോര്‍ കടലില്‍ മുങ്ങിപ്പോയ ഈ കപ്പല്‍ കണ്ടെത്തിയതും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതും. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ ആളുകളെ കൊണ്ടുപോയ ‘ആല്‍വിന്‍’ (DSV Alvin) എന്ന സബ്മേര്‍സിബിള്‍ ഉപയോഗിച്ചായിരുന്നു ഈ ദൗത്യം.

റോയല്‍ കനേഡിയന്‍ ജിയോഗ്രഫിക്കല്‍ സൊസൈറ്റി ചീഫ് എക്‌സിക്യൂട്ടീവ് ജോണ്‍ ഗീഗര്‍, പ്രൈവറ്റ് അസ്‌ട്രോനട്ടായ മാര്‍ക്ക് പാത്തി എന്നിവരാണ് വുഡ്‌സ് ഹോള്‍ ഓഷ്യനോഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൈലറ്റ് ബ്രൂസ് സ്ട്രിക്രോട്ടിനൊപ്പം ഈ ചരിത്രയാത്ര നടത്തിയത്. 1922-ല്‍ കപ്പലിലെ ഒരു ചെറിയ ക്യാബിനില്‍ വെച്ചായിരുന്നു ഷാക്കിള്‍ട്ടന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുന്നത്. ഈ പ്രദേശം ഉള്‍പ്പെടുന്ന കപ്പലിന്റെ ഡെക്ക് ഗവേഷകര്‍ക്ക് വ്യക്തമായി കാണാന്‍ സാധിച്ചു. സമുദ്രോപരിതലത്തില്‍ നിന്നും 390 മീറ്റര്‍ താഴ്ചയിലാണ് കപ്പല്‍ ഇപ്പോള്‍ കിടക്കുന്നത്.

കപ്പലിന്റെ അവശിഷ്ടങ്ങള്‍ ഡിജിറ്റല്‍ 3D മോഡലാക്കി മാറ്റി പൊതുജനങ്ങള്‍ക്ക് കാണാനുള്ള അവസരമൊരുക്കുകയാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. റോബര്‍ട്ട് ഫാല്‍ക്കണ്‍ സ്‌കോട്ട് എന്ന മറ്റൊരു പ്രശസ്ത പര്യവേക്ഷകന്‍ സഞ്ചരിച്ച ‘ടെറ നോവ’ (Terra Nova) എന്ന കപ്പലിന്റെ അവശിഷ്ടങ്ങള്‍ പരിശോധിക്കാന്‍ ഗ്രീന്‍ലാന്‍ഡ് കടലിലേക്ക് പോകാനും ഈ സംഘം പദ്ധതിയിടുന്നുണ്ട്.

കപ്പല്‍ കടലിന്റെ അടിത്തട്ടിലേക്ക് വീണപ്പോള്‍ വലിയ രീതിയില്‍ തകര്‍ന്നിട്ടുണ്ടെങ്കിലും, ഇപ്പോള്‍ നിരവധി മത്സ്യങ്ങളുടെയും മറ്റ് സമുദ്രജീവികളുടെയും താവളമായി മാറിയിരിക്കുകയാണ്. എന്നാല്‍, കപ്പലിന് മുകളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട മൂന്ന് വലിയ മീന്‍പിടുത്ത വലകള്‍ ഗവേഷകരില്‍ ആശങ്കയുണ്ടാക്കി. സമുദ്ര മലിനീകരണത്തിനെതിരെ വലിയ ജാഗ്രത വേണമെന്നതിന്റെ തെളിവാണ് ഇതെന്നും ജോണ്‍ ഗീഗര്‍ ഓര്‍മ്മിപ്പിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!