ന്യൂഡല്‍ഹി: ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി എന്ന ചരിത്രനേട്ടത്തിനരികെ നാസ ശാസ്ത്രജ്ഞനായ ഡോ. അനില്‍ മേനോന്. കസാക്കിസ്ഥാനിലെ ബൈക്കോനൂര്‍ കോസ്മോഡ്രോമില്‍ നിന്ന് റഷ്യയുടെ സോയൂസ് എംഎസ് 29 (Soyuz MS-29) പേടകത്തില്‍ ജൂലൈ14ന് അദ്ദേഹം രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് (ISS) കുതിക്കും. ഏകദേശം 8 മാസത്തോളം നീണ്ടുനില്‍ക്കുന്ന ഈ ദൗത്യത്തില്‍ രണ്ട് റഷ്യന്‍ ശാസ്ത്രജ്ഞരായ പ്യോട്ടര്‍ ദുബ്രോവ്, അന്ന കികിന എന്നിവരും അനില്‍ മേനോനൊപ്പം പങ്കാളികളാകും. ചാന്ദ്ര, ചൊവ്വാ ഗവേഷണങ്ങള്‍ക്ക് സഹായകരമാകുന്ന ശാസ്ത്ര പരീക്ഷണങ്ങളും ഇതിന്റെ ഭാഗമായി നടക്കും.
ഇന്ത്യന്‍-അമേരിക്കന്‍ ഫിസിഷ്യനും എന്‍ജിനീയറും യുഎസ് സ്പേസ് ഫോഴ്സിലെ കേണലുമായ അനില്‍ മേനോന് ജനിച്ചതും വളര്‍ന്നതും അമേരിക്കയിലാണ്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ശങ്കരന് മേനോന്റെയും ഉക്രൈന് സ്വദേശിയായ അമ്മയുടെയും മകനാണ്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ന്യൂറോബയോളജിയില്‍ ബിരുദവും സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് മെഡിക്കല്‍ ബിരുദവും മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദവും അദ്ദേഹം നേടിയിട്ടുണ്ട്.

പ്രശസ്ത ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്റെ (SpaceX) ആദ്യത്തെ ഫ്ലൈറ്റ് സര്‍ജനായും മെഡിക്കല്‍ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുള്ള അനില്‍ മേനോന്, 2014 ലാണ് നാസയില്‍ ഫ്ലൈറ്റ് സര്‍ജനായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 2021 ഡിസംബറിലാണ് അനില്‍ മേനോനെ നാസ ബഹിരാകാശ സഞ്ചാരിയായി തെരഞ്ഞെടുത്തത്. തുടര്‍ന്ന് രണ്ട് വര്‍ഷത്തെ കഠിന പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് ആദ്യ ബഹിരാകാശ ദൗത്യം ലഭിച്ചത്.
അനിലിന്റെ ഭാര്യ അന്ന മേനോനും ബഹിരാകാശ സഞ്ചാരിയാണ്. 2024 സെപ്റ്റംബറില്‍ സ്പേസ്എക്സിന്റെ സ്വകാര്യ ‘പോളാരിസ് ഡോണ്‍’ ദൗത്യത്തില്‍ പങ്കെടുത്ത അവര്‍ ഏകദേശം അഞ്ച് ദിവസത്തെ ഭ്രമണപഥ യാത്ര പൂര്‍ത്തിയാക്കിയിരുന്നു.
