തിരുവനന്തപുരം: ഒട്ടേറെ അതിസമ്പന്നമായ ആരാധനാലയങ്ങളുള്ള ഇന്ത്യയിലെ ഏറ്റവും ധനസമൃദ്ധമായ അഞ്ച് ക്ഷേത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് കേരളത്തിലെ രണ്ട് പ്രമുഖ ക്ഷേത്രങ്ങള്‍. രാജ്യത്തെ ഏറ്റവും സമ്പന്നമായ അഞ്ച് ക്ഷേത്രങ്ങളുടെ പട്ടിക പരിശോധിക്കുമ്പോള്‍ തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും തൃശൂരിലെ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രവുമാണ് കേരളത്തില്‍ നിന്ന് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി വെങ്കടേശ്വര ക്ഷേത്രമാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളില്‍ ഒന്നാമതായി നില്‍ക്കുന്നത്. ലഭ്യമായ കണക്കുകള്‍ പ്രകാരം ഏതാണ്ട് 2.26 ലക്ഷം കോടി രൂപയാണ് തിരുപ്പതി ക്ഷേത്രത്തിന്റെ ആകെ ആസ്തി. പ്രതിവര്‍ഷം 5000 കോടിയോളം രൂപ വരുമാനമായി നേടുന്ന ഈ ക്ഷേത്രത്തിലേക്ക് ഭക്തരുടെ സംഭാവനയായി മാത്രം വര്‍ഷം തോറും 1500 കോടിയോളം രൂപ ലഭിക്കുന്നുണ്ട്. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് കേരളത്തിന്റെ അഭിമാനമായ തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമിക്ഷേത്രമാണ്. സ്വര്‍ണ്ണ വിഗ്രഹങ്ങള്‍, അമൂല്യമായ വജ്രങ്ങള്‍, പുരാതനമായ സ്വര്‍ണ്ണ നാണയങ്ങള്‍, ആഭരണങ്ങള്‍ എന്നിവയുള്‍പ്പെടെ 1.2 ലക്ഷം കോടി രൂപയിലേറെയാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആസ്തിയായി കണക്കാക്കപ്പെട്ടിരിക്കുന്നത്.

മഹാരാഷ്ട്രയിലെ ഷിര്‍ദ്ദി സായി ബാബ ക്ഷേത്രമാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. ഏകദേശം 3,000 കോടി രൂപ ആസ്തിയുള്ള ഈ ക്ഷേത്രത്തിന് പ്രതിവര്‍ഷം 700 കോടി രൂപ വരെ വരുമാനമുണ്ട്. കേരളത്തില്‍ നിന്നുള്ള ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രമാണ് നാലാം സ്ഥാനത്തുള്ളത്. 1700 കോടി മുതല്‍ 2500 കോടി രൂപ വരെ ആസ്തി കണക്കാക്കുന്ന ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ വാര്‍ഷിക വരുമാനം 250 കോടി മുതല്‍ 400 കോടി രൂപ വരെയാണ്. അഞ്ചാം സ്ഥാനത്തുള്ള ജമ്മു കശ്മീരിലെ ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിന് 2000 കോടി രൂപയിലേറെ ആസ്തിയുണ്ട്. 700 കോടിയോളം രൂപ വാര്‍ഷിക വരുമാനമുള്ള ഇവിടെ 250 കോടിയിലേറെ രൂപ സംഭാവനയായി മാത്രം ലഭിക്കുന്നു.
അതേസമയം, അടുത്തിടെ നിര്‍മ്മിക്കപ്പെട്ട അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ കൃത്യമായ ആസ്തി വിവരങ്ങള്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലാത്തതിനാല്‍ ഇത് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇതുകൂടാതെ മഹാരാഷ്ട്രയിലെ സിദ്ധിവിനായക ക്ഷേത്രം, ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രം, ഉത്തര്‍പ്രദേശിലെ കാശി വിശ്വനാഥ ക്ഷേത്രം, കേരളത്തിലെ ശബരിമല ക്ഷേത്രം, മധുരയിലെ മീനാക്ഷി അമ്മന്‍ ക്ഷേത്രം, ഗുജറാത്തിലെ സോമനാഥ ക്ഷേത്രം തുടങ്ങിയവയും ഇന്ത്യയിലെ സമ്പന്ന ക്ഷേത്രങ്ങളുടെ മുന്‍നിരയിലുള്ളവയാണ്. ബിസിനസ് ടുഡേയുടെ റിപ്പോര്‍ട്ട് പ്രകാരം വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ആസ്തി മാത്രം 500 കോടിയിലേറെ രൂപ വരുമെന്ന് ചൂണ്ടിക്കാണിക്കുന്നു.
