Saturday, July 11, 2026

ടൊറന്റോ പാർക്കിങ് പരിഷ്കാരം വിവാദത്തിൽ; ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ പരി​ഗണിച്ചില്ലെന്ന് പരാതി

ടൊറന്റോ:ടൊറന്റോയിലെ ഡഫറിൻ ഗ്രോവ് പാർക്കിന് സമീപമുള്ള പാർക്കിങ് നിയമങ്ങളിലെ പുതിയ മാറ്റത്തിനെതിരെ ഭിന്നശേഷിക്കാരായ വാഹന ഉടമകളുടെ പ്രതിഷേധം ശക്തമാകുന്നു. പുതിയ പാർക്കിങ് നിയന്ത്രണങ്ങൾ ഭിന്നശേഷി പെർമിറ്റുള്ളവർക്ക് പാർക്കിന് സമീപം വാഹനം നിർത്തുന്നത് ദുഷ്കരമാക്കിയെന്നാണ് പരാതി.

ഡഫറിൻ ഗ്രോവ് പാർക്കിൽ വർഷങ്ങളായി സന്നദ്ധപ്രവർത്തനം നടത്തുന്ന എറെല്ല ഗാനോൻ, പുതിയ പാർക്കിങ് നിയമം കാരണം തനിക്ക് പാർക്കിലെ പ്രവർത്തനങ്ങൾ തുടരാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് ആരോപിച്ചു. പാർക്കിന് സമീപത്തെ പാർക്കിങ് സൗകര്യം നഷ്ടപ്പെട്ടതോടെ ഭിന്നശേഷിക്കാർക്ക് പാർക്കിലേക്കുള്ള പ്രവേശനം കൂടുതൽ ബുദ്ധിമുട്ടായതായി അവർ ചൂണ്ടിക്കാട്ടി.

പ്രദേശവാസികൾക്കും പാർക്ക് ജീവനക്കാർക്കും കൂടുതൽ പാർക്കിങ് സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ വാർഡ് കൗൺസിലർ അലക്സാൻഡ്ര ബ്രാവോ ഫെബ്രുവരിയിൽ അവതരിപ്പിച്ച നിർദേശങ്ങളാണ് പിന്നീട് നഗരസഭ അംഗീകരിച്ചത്. ഏപ്രിൽ അവസാനം പാസാക്കിയ പുതിയ ചട്ടപ്രകാരം ഡഫറിൻ പാർക്ക് അവന്യൂവിന്റെ വടക്കുഭാഗം ‘നോ സ്റ്റോപ്പിങ്’ മേഖലയായി പ്രഖ്യാപിച്ചു. ഇതോടെ ഭിന്നശേഷി പാർക്കിങ് പെർമിറ്റുള്ള ഡ്രൈവർമാർക്കും അവിടെ വാഹനം നിർത്താൻ സാധിക്കാത്ത അവസ്ഥയുണ്ടായി.

ജൂലൈ 2-നാണ് പുതിയ ഗതാഗത ബോർഡുകൾ സ്ഥാപിച്ചതെന്നും ഈ മാറ്റത്തെക്കുറിച്ച് മതിയായ മുൻകൂർ അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും ഗാനോൻ ആരോപിച്ചു. നയരൂപീകരണ വേളകളിൽ ഭിന്നശേഷിക്കാരുടെ ആവശ്യങ്ങളും സൗകര്യങ്ങളും പലപ്പോഴും വേണ്ടത്ര പരിഗണിക്കപ്പെടുന്നില്ലെന്ന് സെന്റർ ഫോർ ഇൻഡിപെൻഡന്റ് ലിവിങ് ടൊറന്റോയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ വെൻഡി പോർച്ചും ടൊറന്റോ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ അപർണ നായരും അഭിപ്രായപ്പെട്ടു.

അതേസമയം, ഭിന്നശേഷിക്കാരായ ഡ്രൈവർമാർ നേരിടുന്ന ബുദ്ധിമുട്ട് മനസ്സിലാക്കിയതിനെ തുടർന്ന് വിഷയം വീണ്ടും പരിഗണിച്ചതായി കൗൺസിലർ അലക്സാൻഡ്ര ബ്രാവോ അറിയിച്ചു. ജൂലൈ 8-ന് ചേർന്ന ടൊറന്റോ ആൻഡ് ഈസ്റ്റ് യോർക്ക് കമ്മ്യൂണിറ്റി കൗൺസിൽ യോഗത്തിൽ വടക്കുഭാഗത്തെ ‘നോ സ്റ്റോപ്പിങ്’ നിയന്ത്രണം പിൻവലിക്കാനും തെക്കുഭാഗത്തെ പുതിയ പാർക്കിങ് സൗകര്യം നിലനിർത്താനുമുള്ള ഭേദഗതിക്ക് അംഗീകാരം നൽകിയിട്ടുണ്ട്.

എന്നാൽ ഈ തീരുമാനം മതിയായ പരിഹാരമല്ലെന്നാണ് എറെല്ല ഗാനോന്റെ നിലപാട്. തെരുവിന്റെ ഇരുവശങ്ങളിലും ഭിന്നശേഷി പാർക്കിങ് പെർമിറ്റുള്ളവർക്ക് മുൻഗണന നൽകുന്ന പഴയ ക്രമീകരണം പുനഃസ്ഥാപിക്കണമെന്നാണ് അവരുടെ ആവശ്യം. വിഷയത്തിൽ കൗൺസിലറുടെ പ്രതിനിധികളുമായി ഉടൻ ചർച്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും കൂടിക്കാഴ്ചയുടെ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!