Sunday, July 12, 2026

കനേഡിയന്‍ നാവികസേനയുടെ കരുത്ത് കൂടും; ‘HMCS ഓട്ടവ’ വിജയകരമായി ടോര്‍പ്പിഡോകള്‍ പരീക്ഷിച്ചു

ഓട്ടവ: ഹവായിയില്‍ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ നാവിക അഭ്യാസപ്രകടനമായ ‘റിം ഓഫ് ദി പസഫിക്’ (RIMPAC) വേദിയില്‍ വെച്ച് കനേഡിയന്‍ യുദ്ധക്കപ്പല്‍ ടോര്‍പ്പിഡോകള്‍ വിജയകരമായി പരീക്ഷിച്ചു. റോയല്‍ കനേഡിയന്‍ നേവിയുടെ സബ്മറൈന്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള അത്യാധുനിക അപ്ഗ്രേഡ് വിലയിരുത്തുന്നതിന്റെ ഭാഗമായാണ് പരീക്ഷണം നടത്തിയത്. 31 രാജ്യങ്ങളില്‍ നിന്നായി 25,000ത്തോളം നാവികര്‍ പങ്കെടുക്കുന്ന ഈ ആഗോള നാവിക സംഗമത്തില്‍, കാനഡയുടെ ‘എച്ച്.എം.സി.എസ് ഓട്ടവ’ (HMCS Ottawa) എന്ന യുദ്ധക്കപ്പലാണ് രണ്ട് ‘മാര്‍ക്ക് 46’ (Mark 46) ടോര്‍പ്പിഡോകള്‍ വിജയകരമായി തൊടുത്ത് വിട്ടത്.

നാവികസേനയെ സംബന്ധിച്ചിടത്തോളം ഇത് വളരെ സുപ്രധാനമായ ഒരു നേട്ടമാണെന്ന് എച്ച്.എം.സി.എസ് ഓട്ടവയുടെ കമാന്‍ഡിംഗ് ഓഫീസര്‍ സി.എം.ഡി.ആര്‍ ജസ്റ്റിന്‍ സിമ്മണ്‍സ് വ്യക്തമാക്കി. ജൂലൈ 7-ന് നടന്ന ഈ പരീക്ഷണത്തിന് രണ്ട് ലക്ഷ്യങ്ങളാണുണ്ടായിരുന്നത്. സമുദ്രത്തിനടിയിലെ യുദ്ധസാഹചര്യങ്ങള്‍ നേരിടാന്‍ നാവികര്‍ക്ക് പ്രായോഗിക പരിശീലനം നല്‍കുന്നതോടൊപ്പം, കപ്പലില്‍ പുതുതായി ഘടിപ്പിച്ച അണ്ടര്‍വാട്ടര്‍ വാര്‍ഫെയര്‍ സിസ്റ്റം (Underwater Warfare Suite Upgrade – UWSU) യഥാര്‍ത്ഥ സാഹചര്യങ്ങളില്‍ പരിശോധിച്ച് ഉറപ്പുവരുത്തുക എന്നതുമായിരുന്നു അത്.

ആധുനിക അന്തര്‍വാഹിനികളെയും ടോര്‍പ്പിഡോകളെയും ദൂരത്തുനിന്നുതന്നെ കൃത്യമായി കണ്ടെത്താന്‍ സഹായിക്കുന്ന അടുത്ത തലമുറ സെന്‍സറുകളാണ് ഈ പുതിയ സംവിധാനത്തിലുള്ളത്. നിശബ്ദമായി സഞ്ചരിക്കുന്ന പുതിയ അന്തര്‍വാഹിനികളെപ്പോലും വളരെ അകലെ വെച്ച് കണ്ടെത്താന്‍ സഹായിക്കുന്ന ഈ സാങ്കേതികവിദ്യ 2034ഓടെ കാനഡയുടെ മുഴുവന്‍ ഹാലിഫാക്‌സ്-ക്ലാസ് യുദ്ധക്കപ്പലുകളിലും ലഭ്യമാക്കും. ഐഫോണിന്റെ വരവ് മൊബൈല്‍ രംഗത്തുണ്ടാക്കിയ മാറ്റത്തിന് സമാനമാണ് ഈ അത്യാധുനിക സംവിധാനം തങ്ങളുടെ നാവികസേനയില്‍ വരുത്തുന്നതെന്ന് സിമ്മണ്‍സ് അഭിപ്രായപ്പെട്ടു.

നിലവില്‍ റോയല്‍ കനേഡിയന്‍ നേവിയുടെ രണ്ട് കപ്പലുകളില്‍ മാത്രമാണ് ഈ പുതിയ സംവിധാനം ഘടിപ്പിച്ചിട്ടുള്ളത്. ഇതിന്റെ തുടര്‍ച്ചയായി, കാനഡയുടെ മറ്റൊരു യുദ്ധക്കപ്പലായ ‘എച്ച്.എം.സി.എസ് റജീന’ (HMCS Regina) അടുത്ത ആഴ്ച റിലിംപാക് (RIMPAC) വേദിയില്‍ വെച്ച് ‘ഇവോള്‍വ്ഡ് സീ സ്പാരോ ബ്ലോക്ക് II’ (Evolved Sea Sparrow Block II) മിസൈല്‍ തത്സമയം പരീക്ഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കപ്പലിലെ റഡാറിന്റെ സഹായമില്ലാതെ സ്വന്തം റഡാര്‍ ഉപയോഗിച്ച് ആകാശത്തെ ശത്രുക്കളെ ലക്ഷ്യമിടാന്‍ കെല്‍പ്പുള്ളതാണ് ഈ പുതിയ മിസൈല്‍. കാനഡ, അമേരിക്ക, ഓസ്ട്രേലിയ എന്നിവര്‍ ചേര്‍ന്ന് 1971-ല്‍ ആരംഭിച്ച ഈ നാവിക അഭ്യാസപ്രകടനത്തിന്റെ മുപ്പതാമത് പതിപ്പാണ് ഇപ്പോള്‍ ഹവായിയില്‍ പുരോഗമിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!