Sunday, July 12, 2026

മെഡിക്കല്‍ അവധിക്ക് ‘സിക്ക് നോട്ട്’ നിര്‍ബന്ധമാക്കി ജര്‍മ്മനി; പ്രായോഗികമല്ലെന്ന് കാനഡക്കാര്‍

ബെര്‍ലിന്‍: ജര്‍മ്മനിയില്‍ ജീവനക്കാര്‍ക്ക് ഒരു ദിവസത്തെ അവധിക്ക് പോലും ഡോക്ടറുടെ സാക്ഷ്യപത്രം (Sick Note) നിര്‍ബന്ധമാക്കിക്കൊണ്ട് പുതിയ നിയമം നിലവില്‍ വന്നു. രോഗബാധിതരാകുന്ന ആദ്യ ദിവസം തന്നെ ജീവനക്കാര്‍ തൊഴിലുടമയ്ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നാണ് പുതിയ നിബന്ധന. കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ നിലവിലെ തൊഴില്‍ സംസ്‌കാരത്തിന് തികച്ചും വിരുദ്ധമാണ് ജര്‍മ്മനിയുടെ ഈ പുതിയ നീക്കം.

കടുത്ത രോഗാവസ്ഥയില്‍ ജോലിക്ക് പോകാന്‍ കഴിയാത്ത ഒരാള്‍ക്ക് ഡോക്ടറുടെ അടുത്ത് പോയി സര്‍ട്ടിഫിക്കറ്റ് വാങ്ങുക എന്നത് ഒട്ടും പ്രായോഗികമല്ലെന്ന് കനേഡിയന്‍ പൗരന്മാര്‍ ചൂണ്ടിക്കാണിക്കുന്നു. കാനഡയിലെ വിവിധ പ്രവിശ്യകളില്‍ സിക് നോട്ടുമായി ബന്ധപ്പെട്ട നിയമങ്ങള്‍ വ്യത്യസ്തമാണ്. മാനിറ്റോബയില്‍ ഒരാഴ്ചയില്‍ കൂടുതല്‍ അവധിയെടുത്താല്‍ മാത്രമേ തൊഴിലുടമകള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ചോദിക്കാന്‍ അനുവാദമുള്ളൂ. സസ്‌കച്വാന്‍, നോവസ്‌കോഷ തുടങ്ങിയ പ്രവിശ്യകളില്‍ തുടര്‍ച്ചയായി അഞ്ച് ദിവസത്തില്‍ കൂടുതല്‍ അവധിയെടുത്താല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളൂ. അതേസമയം, ആല്‍ബര്‍ട്ടയില്‍ ഇത്തരം നിയന്ത്രണങ്ങളൊന്നും നിലവിലില്ല.

ചെറിയ രോഗങ്ങള്‍ക്കുള്ള ഡോക്ടറുടെ സാക്ഷ്യപത്രങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ (CMA) വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്. ഒരു സിക് നോട്ട് എഴുതാന്‍ ശരാശരി 10 മിനിറ്റ് സമയമെടുക്കുമെന്നും, ഒരു കനേഡിയന്‍ ഡോക്ടര്‍ക്ക് പ്രതിവര്‍ഷം നൂറ്റമ്പതോളം ഇത്തരം ആവശ്യങ്ങള്‍ വരാറുണ്ടെന്നും മുന്‍ സി.എം.എ പ്രസിഡന്റ് ഡോ. മാര്‍ഗോട്ട് ബര്‍ണല്‍ വ്യക്തമാക്കുന്നു. കൂടുതല്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പരിചരിക്കാന്‍ വിനിയോഗിക്കേണ്ട ഡോക്ടര്‍മാരുടെ വിലപ്പെട്ട സമയമാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്. കൂടാതെ, പകര്‍ച്ചവ്യാധിയുള്ള രോഗികള്‍ സര്‍ട്ടിഫിക്കറ്റിനായി ക്ലിനിക്കുകളില്‍ എത്തുമ്പോള്‍ മറ്റുള്ളവരിലേക്ക് രോഗം പകരാന്‍ ഇത് കാരണമാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

രാജ്യത്ത് ജീവനക്കാരുടെ അനാവശ്യ അവധികള്‍ കൂടുന്നതായും ഇത് ഉത്പാദനക്ഷമതയെ ബാധിക്കുന്നതായും ചൂണ്ടിക്കാണിച്ചാണ് ജര്‍മ്മന്‍ സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നത്. എന്നാല്‍, ജോലിസ്ഥലത്ത് ചിലവഴിക്കുന്ന സമയമല്ല ഉത്പാദനക്ഷമത നിര്‍ണ്ണയിക്കുന്നതെന്നും, രോഗബാധിതനായി ഓഫീസിലിരുന്നാല്‍ കാര്യക്ഷമമായി ജോലി ചെയ്യാന്‍ കഴിയില്ലെന്നും സാമ്പത്തിക വിദഗ്ധര്‍ ഇതിനെതിരായി വാദിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!