ടൊറന്റോ: മദ്യമോ ലഹരിവസ്തുക്കളോ ഉപയോഗിച്ച് വാഹനമോടിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി വാട്ടർലൂ റീജനൽ പൊലീസ് സർവീസ് (WRPS). കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 11 പരാതികളാണ് പൊലീസിന് ലഭിച്ചത്. ഇതിൽ 6 അപകടങ്ങളും ലഹരി ഡ്രൈവിങ്ങുമായി ബന്ധപ്പെട്ടതാണ്.മദ്യത്തിന് പുറമെ മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നതും വർദ്ധിച്ചുവരുന്നതായി പോലീസ് അധികൃതർ വ്യക്തമാക്കുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏകദേശം 18-20 ശതമാനം വർധനയാണ് വാട്ടർലൂവിൽ ഉണ്ടായിട്ടുള്ളത്.
റോഡുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി അധികൃതർ കർശന പരിശോധനകളാണ് നടത്തുന്നത്. വാട്ടർലൂ റീജനൽ പൊലീസ് പ്രദേശവാസികൾക്കായി ഒരു ട്രാഫിക് ഹോട്ട്‌ലൈൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. സംശയാസ്പദമായ രീതിയിൽ വാഹനം ഓടിക്കുന്നത് കണ്ടാൽ 911-ൽ വിളിക്കാനും പൊലീസ് നിർദേശിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ വെല്ലസ്ലിയിൽ നടന്ന സംഭവത്തിൽ, കിച്ചനർ സ്വദേശിയായ ഒരു ഡ്രൈവർക്കെതിരെ ആറ് കുറ്റങ്ങളാണ് പൊലീസ് ചുമത്തിയത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ നിന്ന് പുറത്തേക്ക് പോയ ശേഷം വീണ്ടും വാഹനം ഓടിക്കാൻ ശ്രമിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
മദ്യവും മയക്കുമരുന്നും ഉപയോഗിച്ചുള്ള ഡ്രൈവിങ് ഉൾപ്പെടെ എല്ലാ ലഹരി ഡ്രൈവിങ് കുറ്റങ്ങളും കാനഡയിലെ ക്രിമിനൽ കോഡിന്റെ പരിധിയിലാണെന്ന് WRPS ട്രാഫിക് സർവീസസ് യൂണിറ്റിലെ സ്റ്റാഫ് സർജന്റ് സ്കോട്ട് മെറ്റ്കാൽഫ് പറഞ്ഞു.കാനഡയിൽ ക്രിമിനൽ മരണങ്ങൾക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ലഹരി ഉപയോഗിച്ചുള്ള വാഹനമോടിക്കലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
