തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ ഹെഡ്മാസ്റ്റർ നിയമനം വൈകുന്നത് വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. നിലവിൽ സംസ്ഥാനത്തെ 248 സർക്കാർ വിദ്യാലയങ്ങളിലാണ് പ്രധാനാധ്യാപകരില്ലാതെ അക്കാദമികവും ഭരണപരവുമായ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. പ്രമോഷൻ നടപടികളിലെ കാലതാമസമാണ് ഈ സാഹചര്യം സൃഷ്ടിച്ചതെന്നാണ് വിദ്യാഭ്യാസ മേഖലയിലെ വിലയിരുത്തൽ.
ഹെഡ്മാസ്റ്റർ തസ്തികയിലേക്കും അസിസ്റ്റന്റ് എജ്യുക്കേഷണൽ ഓഫീസർ (AEO) തസ്തികയിലേക്കും സീനിയർ അധ്യാപകർക്ക് നൽകേണ്ട പ്രമോഷനുകൾ വൈകിയതോടെ നിയമന നടപടികൾ പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. ഹെഡ്മാസ്റ്റർ നിയമനം നടക്കുമ്പോഴാണ് താഴെത്തട്ടിലുള്ള അധ്യാപക തസ്തികകളിലേക്കും പുതിയ നിയമനങ്ങൾക്ക് അവസരമൊരുങ്ങുന്നത്. അതിനാൽ പ്രമോഷൻ വൈകുന്നത് മുഴുവൻ നിയമന ശൃംഖലയെയും ബാധിക്കുന്നതായി വിലയിരുത്തപ്പെടുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഹെഡ്മാസ്റ്റർ ഒഴിവുകൾ എറണാകുളം ജില്ലയിലാണ്. ഇവിടെ 38 സർക്കാർ സ്കൂളുകളിൽ പ്രധാനാധ്യാപകരില്ല. ഇടുക്കിയിൽ 37 സ്കൂളുകളിലും കാസർകോട് 29 സ്കൂളുകളിലും ഹെഡ്മാസ്റ്റർ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. കോട്ടയത്ത് 25, കണ്ണൂരിലും തൃശ്ശൂരിലും 19 വീതം, മലപ്പുറത്തും ആലപ്പുഴയിലും 17 വീതം, പാലക്കാട് 15, വയനാട്ടിലും പത്തനംതിട്ടയിലും 11 വീതം, കൊല്ലത്ത് 7, തിരുവനന്തപുരത്ത് 3 എന്നിങ്ങനെയാണ് ഒഴിവുകളുടെ കണക്ക്.

പ്രധാനാധ്യാപകരുടെ അഭാവം സ്കൂളുകളുടെ ദൈനംദിന ഭരണനടപടികളെയും അക്കാദമിക പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതായി അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. വിദ്യാർത്ഥികളുടെ പുരോഗതി വിലയിരുത്തൽ, ഓഫീസ് ഭരണനടപടികൾ, പരീക്ഷാ ക്രമീകരണങ്ങൾ, വിവിധ സർക്കാർ പദ്ധതികളുടെ ഏകോപനം തുടങ്ങിയ നിർണായക ചുമതലകൾ നിലവിൽ അധിക ചുമതലയുള്ള അധ്യാപകരാണ് നിർവഹിക്കുന്നത്.
അതേസമയം, സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ പ്രമോഷൻ നടപടികളും നിയമനങ്ങളും യഥാസമയം പൂർത്തിയാകുമ്പോൾ സർക്കാർ സ്കൂളുകളിൽ മാത്രം ഇത്തരം കാലതാമസം തുടരുന്നതിൽ അധ്യാപക സംഘടനകളും രക്ഷിതാക്കളും ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. പുതിയ അധ്യയന വർഷം ആരംഭിച്ചിട്ടും ഹെഡ്മാസ്റ്റർ നിയമനം പൂർത്തിയാക്കാത്തതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ വിമർശനവും ശക്തമാകുകയാണ്.
ഹെഡ്മാസ്റ്റർ ഒഴിവുകൾ നികത്തുന്നതിനുള്ള പ്രമോഷൻ നടപടികൾ വേഗത്തിലാക്കി സർക്കാർ സ്കൂളുകളിലെ ഭരണപരമായ പ്രതിസന്ധി പരിഹരിക്കണമെന്നാണ് അധ്യാപക സംഘടനകളുടെയും വിദ്യാഭ്യാസ വിദഗ്ധരുടെയും ആവശ്യം.
