Thursday, July 16, 2026

ടിക്കറ്റ് ബുക്കിങ് ഇനി കൂടുതൽ വേഗത്തിൽ; ​IRCTC വെബ്സൈറ്റിന് പുതിയ രൂപം

ഡൽഹി: ഓൺലൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിങ് കൂടുതൽ എളുപ്പവും വേഗത്തിലുമാക്കാൻ ഇന്ത്യൻ റെയിൽവേയുടെ ഐആർസിടിസി ​(IRCTC) വെബ്സൈറ്റിൽ വൻ മാറ്റങ്ങൾ. രണ്ട് പതിറ്റാണ്ടിന് ശേഷം ഐആർസിടിസി പ്ലാറ്റ്‌ഫോം നവീകരിക്കുന്നതിന്റെ ഭാഗമായി പുതിയ വെബ്സൈറ്റിന്റെ ബീറ്റാ പതിപ്പ് പുറത്തിറക്കി.

പുതിയ വെബ്സൈറ്റ് പൊതുജനങ്ങൾക്ക് പരീക്ഷിക്കാനും അഭിപ്രായങ്ങൾ അറിയിക്കാനുമായി നിലവിൽ ലഭ്യമാണ്. ലഭിക്കുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയ ശേഷമായിരിക്കും അന്തിമ പതിപ്പ് പുറത്തിറക്കുക. നിലവിലുള്ള ഐആർസിടിസി വെബ്സൈറ്റിൽ നിന്ന് തന്നെ പുതിയ ബീറ്റാ പതിപ്പ് ഉപയോഗിക്കാം.

ഡിജിറ്റൽ ടിക്കറ്റിങ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും യാത്രക്കാരുടെ ബുക്കിങ് അനുഭവം മെച്ചപ്പെടുത്തുന്നതിനുമാണ് പുതിയ അപ്‌ഡേഷൻ കൊണ്ടുവരുന്നതെന്ന് റെയിൽവേ അറിയിച്ചു. ജയ്പൂരിലെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (MNIT) വിദ്യാർഥികൾ നൽകിയ നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് വെബ്സൈറ്റ് പുനർരൂപകൽപന ചെയ്തിരിക്കുന്നത്.

ബുക്കിങ് വേഗത്തിലാകും

2002ൽ ആരംഭിച്ച ഐആർസിടിസി വെബ്സൈറ്റ് നിലവിൽ പ്രതിദിനം ഏകദേശം 14.5 ലക്ഷം ടിക്കറ്റ് ബുക്കിങ്ങുകൾ കൈകാര്യം ചെയ്യുന്നുണ്ട്. വർധിച്ചുവരുന്ന ഉപയോക്തൃ തിരക്കും ആവശ്യകതകളും പരിഗണിച്ചാണ് പുതിയ സംവിധാനം ഒരുക്കുന്നത്.

പുതിയ വെബ്സൈറ്റിൽ ലളിതമായ ഇന്റർഫേസ്, എളുപ്പത്തിലുള്ള നാവിഗേഷൻ, വേഗത്തിലുള്ള ബുക്കിങ് സംവിധാനം തുടങ്ങിയ സൗകര്യങ്ങളാണ് പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. ടിക്കറ്റ് ബുക്കിങ് നടപടിക്രമങ്ങളുടെ എണ്ണം കുറച്ചതിനാൽ തത്കാൽ ടിക്കറ്റ് ബുക്കിങ് ഉൾപ്പെടെയുള്ള സേവനങ്ങൾ കൂടുതൽ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും.

ക്യാപ്ചയും അനാവശ്യ പോപ്പ്-അപ്പുകളും ഒഴിവാകും

പുതിയ പതിപ്പിൽ യാത്രക്കാർക്ക് നിരന്തരം ക്യാപ്ച (CAPTCHA) നൽകേണ്ട സാഹചര്യം കുറയും. കൂടാതെ, ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി അനാവശ്യമായ പോപ്പ്-അപ്പുകളും മിന്നിമറയുന്ന ഗ്രാഫിക്സുകളും ഒഴിവാക്കിയിട്ടുണ്ട്.

നിലവിൽ ഓരോ ക്ലാസിനും പ്രത്യേകം പരിശോധിക്കേണ്ടി വരുന്ന സീറ്റ് ലഭ്യത ഇനി ഒരൊറ്റ സ്ക്രീനിൽ തന്നെ കാണാൻ കഴിയും. വിവിധ ക്ലാസുകളിലെ ലഭ്യമായ സീറ്റുകളുടെ വിവരങ്ങൾ ഒരുമിച്ച് ലഭ്യമാക്കുന്നതാണ് പുതിയ സംവിധാനത്തിന്റെ മറ്റൊരു പ്രത്യേകത.
നവീകരിച്ച ഐആർസിടിസി വെബ്സൈറ്റ്, റെയിൽവേ പുതുതായി വികസിപ്പിക്കുന്ന പാസഞ്ചർ റിസർവേഷൻ സിസ്റ്റവുമായി (PRS) സംയോജിപ്പിക്കും. ഇതോടെ ഭാവിയിൽ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സംവിധാനം കൂടുതൽ കാര്യക്ഷമമാകുമെന്നാണ് പ്രതീക്ഷ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!