Friday, July 17, 2026

ട്രോഫിക്കും മെഡലുകള്‍ക്കുമൊപ്പം ‘ചാമ്പ്യന്‍ഷിപ്പ് റിങ്ങുകളും’;2026 ലോകകപ്പ് ജേതാക്കള്‍ക്ക് സര്‍പ്രൈസ് സമ്മാനവുമായി ഫിഫ

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി, 2026 ലോകകപ്പ് ജേതാക്കളെ കാത്തിരിക്കുന്നത് അതീവ ആകര്‍ഷകമായ ഒരു പുതിയ സമ്മാനം കൂടി. ഇത്തവണ കിരീടം ചൂടുന്ന ടീമിന് പരമ്പരാഗത ലോകകപ്പ് ട്രോഫിക്കും സ്വര്‍ണ്ണ മെഡലുകള്‍ക്കുമൊപ്പം ‘ചാമ്പ്യന്‍ഷിപ്പ് റിങ്ങുകളും’ (Championship Rings) സമ്മാനിക്കുമെന്ന് അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്‍ (FIFA) പ്രഖ്യാപിച്ചു. ഉത്തര അമേരിക്കന്‍ പ്രൊഫഷണല്‍ സ്‌പോര്‍ട്‌സ് ലീഗുകളില്‍ വിജയികള്‍ക്ക് ചാമ്പ്യന്‍ഷിപ്പ് മോതിരങ്ങള്‍ കൈമാറുന്ന വിഖ്യാതമായ പാരമ്പര്യം ഇതാദ്യമായാണ് ലോക ഫുട്‌ബോളിലേക്ക് ഫിഫ ഔദ്യോഗികമായി അവതരിപ്പിക്കുന്നത്.

ലോകകപ്പ് വര്‍ഷത്തിന്റെ ഓര്‍മയ്ക്കായി ഫിഫ പ്രത്യേകമായി നിര്‍മിക്കുന്ന 2,026 മോതിരങ്ങളില്‍ 30 എണ്ണമാണ് ലോക ചാമ്പ്യന്മാരാകുന്ന ടീമിനായി നീക്കിവെച്ചിരിക്കുന്നത്. ബാക്കി വരുന്ന 1,996 മോതിരങ്ങളും ഫുട്‌ബോള്‍ ആരാധകര്‍ക്കായി വിപണിയിലെത്തിക്കാനാണ് ഫിഫയുടെ തീരുമാനം. വിപണിയില്‍ വ്യാജന്മാരെ പൂട്ടാന്‍ കനത്ത സുരക്ഷാ മാനദണ്ഡങ്ങളോടെ ആധികാരികത തെളിയിക്കുന്ന പ്രത്യേക സര്‍ട്ടിഫിക്കറ്റും ഇതിനൊപ്പം ഉണ്ടായിരിക്കും. എന്നാല്‍ ഈ മോതിരങ്ങളുടെ വില വിവരങ്ങളോ, ഇതില്‍ അടങ്ങിയിരിക്കുന്ന ആഭരണങ്ങളെക്കുറിച്ചോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ ഫിഫ നിലവില്‍ പുറത്തുവിട്ടിട്ടില്ല.

വിജയികള്‍ക്കായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്യുന്ന ഈ സ്വര്‍ണ്ണ മോതിരത്തിന്റെ ഒരു വശത്ത് ഫിഫ ലോകകപ്പ് ട്രോഫിയുടെ ചിത്രവും മറു വശത്ത് വിജയിക്കുന്ന രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നവുമായിരിക്കും ആലേഖനം ചെയ്യുക. കൂടാതെ ഓരോ മോതിരത്തിലും അതിന്റെ ആധികാരികത വ്യക്തമാക്കുന്ന കൃത്യമായ നമ്പറുകളും രേഖപ്പെടുത്തും. ഫൈനല്‍ മത്സരത്തിന് തൊട്ടുപിന്നാലെ നടക്കുന്ന ഔദ്യോഗിക സമ്മാനദാന ചടങ്ങില്‍ വെച്ച് കളിയിലെ വിജയികളായ ടീമിന്റെ ക്യാപ്റ്റനും പരിശീലകനും താല്‍ക്കാലികമായ മോതിരങ്ങളാവും മൈതാനത്ത് വെച്ച് നല്‍കുക. പിന്നീട് കളിക്കാരുടെ കൃത്യമായ വിരലടയാളവും അളവുകളും ശേഖരിച്ച് കസ്റ്റമൈസ് ചെയ്ത ശേഷമാകും യഥാര്‍ത്ഥ സ്വര്‍ണ്ണ മോതിരങ്ങള്‍ സമ്മാനിക്കുക. ഇതിനായി പിന്നീട് പ്രത്യേക ചടങ്ങും സംഘടിപ്പിക്കും.

ന്യൂയോര്‍ക്ക് ന്യൂജേഴ്സി മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഈ ആവേശകരമായ കലാശപ്പോരാട്ടത്തില്‍ യൂറോപ്യന്‍ കരുത്തരായ സ്‌പെയിനും നിലവിലെ ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയുമാണ് നേര്‍ക്കുനേര്‍ മാറ്റുരയ്ക്കുന്നത്. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയും യുവ സൂപ്പര്‍ താരം ലമിന്‍ യമാലും നേര്‍ക്കുനേര്‍ വരുന്ന സ്വപ്ന ഫൈനലിനായി ലോകമെമ്പാടുമുള്ള ആരാധകര്‍ കാത്തിരിക്കുകയാണ്. ചരിത്രത്തിലെ ആദ്യ ചാമ്പ്യന്‍ഷിപ്പ് റിങ് സ്വന്തമാക്കുന്നത് ആരായിരിക്കുമെന്ന ആകാംഷയില്‍ സ്പെയിനും അര്‍ജന്റീനയും തമ്മിലുള്ള മത്സരങ്ങളുടെ മുന്‍കാല കണക്കുകള്‍ ഇഴകീറി പരിശോധിക്കുകയാണ് കായികലോകം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!