Friday, July 17, 2026

പുകയില്ല, മലിനീകരണമില്ല; രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഹരിത ഗതാഗത മേഖലയില്‍ ചരിത്രം കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യത്തെ ഹൈഡ്രജന്‍ അധിഷ്ഠിത ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹരിയാണയിലെ ജിന്ദില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ആഗോളതലത്തില്‍ വളരെ കുറച്ചു വികസിത രാജ്യങ്ങള്‍ മാത്രം പരീക്ഷിച്ചു വിജയിച്ചിട്ടുള്ള ഈ അത്യാധുനിക ഹരിത സാങ്കേതികവിദ്യ സ്വന്തമാക്കാന്‍ കഴിഞ്ഞത് ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തിലെ നാഴികകല്ലാണ്.

റെയില്‍വേ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയതും ശക്തവുമായ ഹൈഡ്രജന്‍ ട്രെയിന്‍ സെറ്റുകളില്‍ ഒന്നാണിത്. എട്ട് പാസഞ്ചര്‍ കോച്ചുകളും രണ്ട് ഡ്രൈവിംഗ് പവര്‍ കാറുകളും ഉള്‍പ്പെടെ ആകെ 10 കോച്ചുകളാണ് ഈ ട്രെയിനിലുള്ളത്. 2400 കിലോവാട്ട് (3200 എച്ച്പി) കരുത്തുള്ള ഇതിന് കുറഞ്ഞത് 682 യാത്രക്കാരെ ഒരേസമയം വഹിക്കാന്‍ ശേഷിയുണ്ട്. ഹരിയാണയിലെ 89 കിലോമീറ്റര്‍ നീളമുള്ള ജിന്ദ് – സോണിപത് റെയില്‍വേ സെക്ഷനിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. പരമാവധി 75 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന ഈ ട്രെയിന്‍ പ്രതിദിനം രണ്ട് റൗണ്ട് സര്‍വീസുകളിലായി ആകെ 356 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. ഒരു ദിവസത്തെ ഓട്ടത്തിന് ഏകദേശം 300 കിലോഗ്രാം ഹൈഡ്രജന്‍ ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്.

സാധാരണ ഇലക്ട്രിക് ട്രെയിനുകള്‍ക്ക് ഓടാന്‍ മുകളിലൂടെയുള്ള വൈദ്യുത ലൈനുകള്‍ (Overhead lines) ആവശ്യമാണെങ്കില്‍, ഹൈഡ്രജന്‍ ട്രെയിനുകള്‍ക്ക് അതിന്റെ ആവശ്യമില്ല. ട്രെയിനില്‍ തന്നെ സൂക്ഷിച്ചിരിക്കുന്ന ഹൈഡ്രജനും പുറത്തുനിന്നുള്ള വായുവിലെ ഓക്‌സിജനും തമ്മില്‍ ഉയര്‍ന്ന മര്‍ദ്ദത്തില്‍ രാസപ്രവര്‍ത്തനം നടത്തി ഓണ്‍ബോര്‍ഡായി വൈദ്യുതി ഉത്പാദിപ്പിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്. പൂര്‍ണ്ണമായും മലിനീകരണമില്ലാത്ത ഈ പ്രക്രിയയില്‍ വായുവിലേക്ക് പുറന്തള്ളപ്പെടുന്നത് വെറും ജലബാഷ്പം (Water vapour) മാത്രമാണ്. ഇന്ത്യന്‍ ഹൈഡ്രജന്‍ ട്രെയിനിന്റെ ഇരുവശങ്ങളിലുമുള്ള രണ്ട് ഡ്രൈവിംഗ് പവര്‍ കാറുകളിലായി ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകളും ലിഥിയം ഫെറോ ഫോസ്‌ഫേറ്റ് ബാറ്ററിയും അടങ്ങുന്ന നാല് സംയോജിത പവര്‍ പാക്കുകള്‍ വീതമുണ്ട്.

ഒരു പവര്‍ പാക്ക് ഫ്യുവല്‍ സെല്ലില്‍ നിന്ന് 115 കിലോവാട്ടും ബാറ്ററിയില്‍ നിന്ന് 185 കിലോവാട്ടും ചേര്‍ത്ത് ആകെ 300 കിലോവാട്ട് ഊര്‍ജ്ജമാണ് പുറപ്പെടുവിക്കുന്നത്. അങ്ങനെ നാല് പവര്‍ പാക്കുകള്‍ ചേര്‍ന്ന് ഒരു പവര്‍ കാറില്‍ നിന്ന് 1200 കിലോവാട്ടും, രണ്ട് പവര്‍ കാറുകളില്‍ നിന്നുമായി ആകെ 2400 കിലോവാട്ട് കരുത്തും ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് സാധാരണ മെമു (MEMU) അല്ലെങ്കില്‍ ഡെമു (DEMU) ട്രെയിനുകള്‍ക്ക് തുല്യമായ കരുത്താണ്. പഴയ ഡെമു ട്രെയിനുകളിലെ പരമ്പരാഗത ഡീസല്‍ എഞ്ചിനുകള്‍ മാറ്റി പകരം അത്യാധുനികമായ ഹൈഡ്രജന്‍-ഇലക്ട്രിക് എഞ്ചിനുകള്‍ ഘടിപ്പിച്ചാണ് ഈ പുതിയ ട്രെയിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഫ്യുവല്‍ സെല്ലില്‍ നിന്നുള്ള പവര്‍ ഉത്പാദനം എപ്പോഴും ഒരേ അളവിലായിരിക്കുമെന്ന് റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുമ്പോള്‍ ആവശ്യമായ ഊര്‍ജ്ജം ഫ്യുവല്‍ സെല്ലില്‍ നിന്ന് മാത്രമാണ് എടുക്കുക. തുടക്കത്തില്‍ കുറഞ്ഞ പവര്‍ മാത്രം മതിയെന്നതിനാല്‍ ബാക്കി വരുന്ന അധിക വൈദ്യുതി ഉപയോഗിച്ച് ട്രെയിനിലെ ലിഥിയം ബാറ്ററി ചാര്‍ജ് ചെയ്യും. എന്നാല്‍ ട്രെയിന്‍ വേഗത കൈവരിക്കുമ്പോള്‍ കൂടുതല്‍ കരുത്ത് ആവശ്യമായി വരികയും, ആ സമയത്ത് ഫ്യുവല്‍ സെല്ലിനൊപ്പം ബാറ്ററിയും ചേര്‍ന്ന് മോട്ടോറുകളിലേക്ക് പവര്‍ നല്‍കാന്‍ തുടങ്ങുകയും ചെയ്യും.

തുടര്‍ന്ന് യാത്രയ്ക്കിടയില്‍ ട്രെയിന്‍ അടുത്ത സ്റ്റേഷനിലേക്ക് വേഗത കുറച്ച് അടുക്കുമ്പോള്‍ പവര്‍ ആവശ്യം സ്വാഭാവികമായും കുറയുന്നു. ഈ സമയം ബാറ്ററിയില്‍ നിന്നുള്ള സപ്ലൈ നില്‍ക്കുകയും ഫ്യുവല്‍ സെല്ലില്‍ നിന്നുള്ള അധിക ഊര്‍ജ്ജം ഉപയോഗിച്ച് ബാറ്ററി വീണ്ടും ചാര്‍ജ് ചെയ്യാന്‍ തുടങ്ങുകയും ചെയ്യും. ഈ മികച്ച പവര്‍ മാനേജ്മെന്റ് സംവിധാനം കാരണം ട്രെയിന്‍ യാത്ര പൂര്‍ത്തിയാക്കുമ്പോഴേക്കും ബാറ്ററി ഏകദേശം 80 ശതമാനത്തോളം ചാര്‍ജ് നില നിലനിര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്രഞ്ച് നിര്‍മ്മാണ കമ്പനിയായ ആല്‍സ്റ്റം 2016-ല്‍ ബെര്‍ലിനില്‍ നടന്ന പ്രദര്‍ശനത്തിലാണ് ഈ സാങ്കേതികവിദ്യ ആദ്യമായി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. രണ്ട് വര്‍ഷത്തിന് ശേഷം 2018-ല്‍ ജര്‍മ്മനിയില്‍ സര്‍വീസ് ആരംഭിച്ച അവരുടെ രണ്ട് കോച്ചുകളുള്ള ‘കൊറാഡിയ ഐലിന്റ്’ (Coradia iLint) ആണ് ലോകത്തിലെ ആദ്യത്തെ ഹൈഡ്രജന്‍ പാസഞ്ചര്‍ ട്രെയിന്‍. പിന്നീട് ജപ്പാന്‍, ചൈന, യു.എസ് എന്നീ രാജ്യങ്ങളും ഈ സാങ്കേതികവിദ്യ സ്വന്തമാക്കി. എങ്കിലും വന്‍തോതിലുള്ള ചരക്കുനീക്കത്തിനും യാത്രക്കാരുടെ ഗതാഗതത്തിനുമായി ഈ സാങ്കേതികവിദ്യ ഇപ്പോഴും ലോകമെമ്പാടും വികസന ഘട്ടത്തിലാണ്. അതുകൊണ്ടാണ് വളരെ ചുരുക്കം രാജ്യങ്ങളില്‍ മാത്രം നിലവില്‍ ഈ സര്‍വീസ് ഉള്ളതും, അവ പ്രധാനമായും ചെറിയ ദൂരങ്ങളിലേക്ക് മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നതും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!