കാല്‍ഗറി: രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ വന്‍ പാറയിടിച്ചിലിനെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന കാനഡയിലെ പ്രശസ്തമായ ‘ബോ ഗ്ലേസിയര്‍ ഫാള്‍സ്’ (Bow Glacier Falls) പാര്‍ക്‌സ് കാനഡ വീണ്ടും തുറന്നു. ആല്‍ബര്‍ട്ടയിലെ ലേക്ക് ലൂയിസിന് വടക്ക് സ്ഥിതി ചെയ്യുന്ന ഈ വിനോദസഞ്ചാര കേന്ദ്രം ഒരു വര്‍ഷത്തെ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ പൊതുജനങ്ങള്‍ക്കായി വീണ്ടും തുറന്നുകൊടുത്തിരിക്കുന്നത്.
2025 ജൂണിലുണ്ടായ അപകടത്തില്‍ കാല്‍ഗറി സ്വദേശിയായ ജുട്ടാ ഹിന്റിച്ച്‌സ് (70), ബ്രിട്ടിഷ് കൊളംബിയയിലെ സറേ സ്വദേശിയായ ഹംസ ബെന്‍ഹിലാല്‍ (33) എന്നിവര്‍ മരണപ്പെട്ടിരുന്നു. പാറയിടിച്ചിലില്‍ മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും നൂറിലധികം രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും ചെയ്തിരുന്നു.

ബിജിസി എഞ്ചിനീയറിങ് നടത്തിയ ഭൗമസാങ്കേതിക പരിശോധനയ്ക്ക് (Geotechnical Assessment) ശേഷമാണ് പ്രദേശം വീണ്ടും തുറക്കാന്‍ തീരുമാനിച്ചത്. ഒരു മിനിറ്റില്‍ താഴെ സമയം കൊണ്ട് ആയിരം ക്യൂബിക് മീറ്ററോളം പാറയാണ് അന്ന് മലനിരകളില്‍ നിന്ന് ഇടിഞ്ഞുവീണത്. വരും ദിവസങ്ങളിലും ഇവിടെ പാറയിടിച്ചിലിന് സാധ്യതയുണ്ടെന്ന് വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. മലയോര മേഖലകളില്‍ അപകടസാധ്യത പൂര്‍ണ്ണമായും ഒഴിവാക്കാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഏകദേശം 3 കിലോമീറ്റര്‍ നീളമുള്ള പാതയുടെ അവസാനഭാഗത്ത് വലിയ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഏതൊക്കെ ഭാഗങ്ങളിലാണ് അപകടസാധ്യത കൂടുതലുള്ളതെന്നും എവിടേക്ക് പ്രവേശിക്കരുതെന്നും വ്യക്തമാക്കുന്നതാണ് ഈ ബോര്‍ഡുകള്‍. കാലാവസ്ഥാ വ്യതിയാനം ഈ പ്രദേശത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് പഠിക്കാന്‍ സര്‍വ്വകലാശാല ഗവേഷകരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും പാര്‍ക്‌സ് കാനഡ സൂപ്രണ്ട് ഫ്രാന്‍സ്വാ മാസ്സെ വ്യക്തമാക്കി.
