ടൊറന്റോ: ഒന്റാരിയോയിലെ മിസ്സിസാഗ ആശുപത്രിക്ക് സമീപത്തെ വാഹനാപകടത്തിൽ പരുക്കേറ്റ കാൽനടയാത്രക്കാരി മരിച്ചു. ഡ്രൈവർക്കെതിരെ പീൽ റീജനൽ പൊലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 11.20ഓടെ ക്വീൻസ്‌വേ വെസ്റ്റ്–ഹ്യൂറോന്റാരിയോ സ്ട്രീറ്റ് ഭാഗത്താണ് അപകടമുണ്ടായത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ മധ്യഭാഗത്തെ മീഡിയനിലെത്തിയ യുവതി പടിഞ്ഞാറോട്ടുള്ള പാതയിലേക്ക് വീഴുകയും പിന്നാലെ വന്ന വാഹനം ദേഹത്ത് കയറുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.ഗുരുതരമായി പരുക്കേറ്റ 20കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.

അപകടത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് പോയ ഡ്രൈവർ എട്ട് മിനിറ്റിന് ശേഷം തിരിച്ചെത്തി. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്ത പൊലീസ്, മരണത്തിന് ഇടയാക്കിയ അപകടത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതിന് കേസെടുത്തിട്ടുണ്ട്. അപകടത്തിന്റെ സാഹചര്യങ്ങൾ സംബന്ധിച്ച പൊലീസ് അന്വേഷണം തുടരുകയാണ്.
