Tuesday, July 21, 2026

നയാഗ്ര കൊലപാതകം; രണ്ട് പ്രതികളെ തിരിച്ചറിഞ്ഞ് പോലീസ്

നയാഗ്ര ഫാൾസ്: കഴിഞ്ഞ ആഴ്ച നയാഗ്ര ഫാൾസിൽ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഒളിവിലുള്ള രണ്ട് പ്രതികളുടെ വിവരങ്ങൾ നയാഗ്ര റീജിയണൽ പൊലീസ് സർവീസ് (NRPS) പുറത്തുവിട്ടു. 23-കാരനായ മാറൂഫ് ബംഗി (Maaroof Bangi), 30-കാരിയായ ജോസ്റ്റ ഗ്രേസ് മാക്‌നീൽ (Josta Grace Macneal) എന്നിവരെയാണ് കൊലപാതകക്കുറ്റത്തിന് (Second-Degree Murder) പോലീസ് തിരയുന്നത്.

ജൂലൈ 16-ന് രാത്രി 9 മണിയോടെ, ഡോർചെസ്റ്റർ റോഡിന് സമീപമുള്ള തോറോൾഡ് സ്റ്റോൺ റോഡിലെ ഒരു വീട്ടിൽ യുവാവിന് വെടിയേറ്റതായി ലഭിച്ച വിവരത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. രണ്ട് പ്രതികൾ വീട്ടിലെത്തി കൈത്തോക്ക് ഉപയോഗിച്ച് വെടിവെച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.പരിക്കേറ്റ യുവാവിനെ പാരാമെഡിക്കുകൾ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചതായി പൊലീസ് അറിയിച്ചു.

ഇത് ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. സംഭവത്തിന് മുമ്പ് പ്രതികൾ സമീപത്ത് വാഹനം പാർക്ക് ചെയ്തിരുന്നുവെന്നും തുടർന്ന് പുതിയ മോഡൽ വെള്ള നിറത്തിലുള്ള നിസാൻ എസ്‌യുവിയിൽ രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധമുള്ളതായി കരുതുന്ന ഒരു വെള്ള നിസാൻ റോഗ് (Nissan Rogue) പിന്നീട് കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ പ്രതികൾ ഒന്റാറിയോ രജിസ്ട്രേഷൻ നമ്പർ DDEC 744 ഉള്ള 2021 മോഡൽ കറുത്ത മസ്ദ CX-5 (Mazda CX-5) ഉപയോഗിച്ചാണ് സഞ്ചരിക്കുന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.

സംഭവത്തിൽ ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. അതിനാൽ ഇരുവരും ഇപ്പോഴും ആയുധധാരികളും അപകടകാരികളുമാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.പ്രതികളെ കണ്ടാൽ സമീപിക്കരുതെന്നും ഉടൻ 911-ൽ വിളിച്ച് വിവരം അറിയിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു. അഭിഭാഷകനെ സമീപിച്ച് സ്വമേധയാ കീഴടങ്ങാനും പ്രതികളോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളോ സമീപത്തെ സ്ഥാപനങ്ങളിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളോ ഉള്ളവർ നയാഗ്ര റീജിയണൽ പൊലീസുമായി ബന്ധപ്പെടുകയോ, ക്രൈം സ്റ്റോപ്പേഴ്സിനെ അജ്ഞാതമായി അറിയിക്കുകയോ ചെയ്യണമെന്ന് അന്വേഷണസംഘം അഭ്യർഥിച്ചു

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!