Tuesday, July 21, 2026

UAE-കുവൈറ്റ് പാസ്‌പോർട്ട്, വീസാ സേവന കരാർ റദ്ദാക്കിയ ഉത്തരവ് തുടരും; ഹൈക്കോടതി വിധിയിൽ ഇടപെടാതെ സുപ്രീം കോടതി

ഡൽഹി: യുഎഇ, കുവൈറ്റ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ഇന്ത്യൻ പാസ്‌പോർട്ട്, വീസാ സേവനങ്ങൾക്കായുള്ള പുതിയ കരാർ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. കേന്ദ്ര സർക്കാർ സമർപ്പിച്ച ഹർജി പരിഗണിച്ച കോടതി, ഹൈക്കോടതി ഉത്തരവ് നിലവിൽ തുടരുമെന്ന് വ്യക്തമാക്കി.

അതേസമയം, മൂന്ന് മാസത്തിനുള്ളിൽ പുതിയ ടെൻഡർ നടപടികൾ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. അന്തിമ കരാർ നിലവിൽ വരുന്നതുവരെ വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്ക് പാസ്‌പോർട്ട്, വീസാ സേവനങ്ങളിൽ തടസ്സമുണ്ടാകരുതെന്നും കോടതി വ്യക്തമാക്കി. ഇതിനായി പുതിയ കമ്പനികളെയോ കേന്ദ്ര സർക്കാർ നിർദേശിക്കുന്ന ഏജൻസിയെയോ താൽക്കാലികമായി സേവനം നടത്താൻ അനുവദിക്കാമെന്നും കോടതി നിരീക്ഷിച്ചു.

യുഎഇക്കും കുവൈറ്റിനും പുറമെ ഓസ്ട്രേലിയ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കുള്ള പാസ്‌പോർട്ട്-വീസാ സേവന കരാറുകളും ഡൽഹി ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ടെൻഡർ നടപടികളിൽ ആവശ്യമായ സുതാര്യത പാലിച്ചില്ലെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു ഹൈക്കോടതിയുടെ നടപടി. ഒരു മാസത്തിനകം പുതിയ ടെൻഡർ നടപടികൾ ആരംഭിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.

പുതിയ കരാർ പ്രകാരം യുഎഇയിൽ അൽ ഹിന്ദ് കമ്പനിക്കും കുവൈറ്റിൽ ഡു ഡിജിറ്റൽ കമ്പനിക്കുമായിരുന്നു സേവന ചുമതല ലഭിച്ചിരുന്നത്. 2026 ജൂലൈ 1 മുതൽ ഈ സ്ഥാപനങ്ങൾ സേവനം ആരംഭിക്കാനായിരുന്നു പദ്ധതി. എന്നാൽ ടെൻഡർ നടപടിക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചുള്ള ഹർജി വന്നതോടെ പ്രവർത്തനം ആരംഭിക്കാനായിരുന്നില്ല.

സുപ്രീം കോടതിയുടെ പുതിയ നിർദേശത്തോടെ റീ-ടെൻഡർ നടപടികൾ വേഗത്തിലാക്കേണ്ട സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്. അതേസമയം, വിദേശത്തുള്ള ഇന്ത്യൻ പ്രവാസികൾക്ക് പാസ്‌പോർട്ട്, വീസാ സേവനങ്ങളിൽ യാതൊരു തടസ്സവും ഉണ്ടാകില്ലെന്ന് കോടതി ഉറപ്പുനൽകിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!