Tuesday, July 21, 2026

സ്വർണവില കുതിച്ചു, നിക്ഷേപകരുടെ നേട്ടവും ഉയർന്നു; ഗോൾഡ് ബോണ്ടിൽ 257% റിട്ടേൺ

ഡൽഹി: സ്വർണബോണ്ട് നിക്ഷേപകർക്ക് വമ്പൻ സമ്മാനവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ . 2019-20 സീരീസ് സോവറിൻ ഗോൾഡ് ബോണ്ടുകൾ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് തിരികെ നൽകുമ്പോഴുള്ള വില ആർബിഐ പ്രഖ്യാപിച്ചു.ജൂലൈ 21, 2026 മുതൽ ഈ സീരീസ് ഗോൾഡ് ബോണ്ടുകൾ തിരികെ നൽകാമെന്ന് ആർബിഐ അറിയിച്ചു. ഒരു യൂണിറ്റ് ബോണ്ടിന് 14,170 രൂപ നിരക്കിലാണ് ആർബിഐ തിരിച്ചെടുക്കൽ വില നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ 16, 17, 20 തീയതികളിലെ സ്വർണത്തിന്റെ ശരാശരി വില കണക്കാക്കിയാണ് ഈ വില നിശ്ചയിച്ചത്.

2019-20 സീരീസ് ഗോൾഡ് ബോണ്ടുകൾ ഗ്രാമിന് 3,966 രൂപ നിരക്കിലാണ് നിക്ഷേപകർക്ക് ലഭിച്ചത്. നിലവിലെ തിരിച്ചെടുക്കൽ വില പ്രകാരം നിക്ഷേപകർക്ക് ഏകദേശം 257 ശതമാനം വരെ റിട്ടേൺ ലഭിക്കും. ഒരു യൂണിറ്റിന് ഏകദേശം 10,204 രൂപയുടെ നേട്ടമാണ് ലഭിക്കുക.ഇതനുസരിച്ച് അന്ന് സ്വർണബോണ്ടിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചവർക്ക് ഇപ്പോൾ ഏകദേശം 3.57 ലക്ഷം രൂപ വരെ ലഭിക്കും. ഇതിന് പുറമേ, ഗോൾഡ് ബോണ്ടുകൾക്ക് കേന്ദ്രസർക്കാർ നൽകുന്ന 2.5 ശതമാനം വാർഷിക പലിശ വരുമാനവും നിക്ഷേപകർക്ക് ലഭിച്ചിട്ടുണ്ട്.

ഭൗതിക സ്വർണം വാങ്ങുന്നതിനുപകരം സ്വർണത്തിൽ നിക്ഷേപിക്കാൻ അവസരം ഒരുക്കുന്നതിനായാണ് സോവറിൻ ഗോൾഡ് ബോണ്ട് പദ്ധതി ആരംഭിച്ചത്. കേന്ദ്രസർക്കാരിന് വേണ്ടി റിസർവ് ബാങ്കാണ് ഈ ബോണ്ടുകൾ പുറത്തിറക്കുന്നത്.സ്വർണവിലയിലെ വർധനയാണ് ഗോൾഡ് ബോണ്ട് നിക്ഷേപകർക്ക് വലിയ നേട്ടം സമ്മാനിച്ചിരിക്കുന്നത്. ദീർഘകാല നിക്ഷേപമായി സ്വർണബോണ്ടുകളെ പരിഗണിച്ചവർക്കാണ് ഈ ഉയർന്ന റിട്ടേൺ ലഭിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!