ടൊറന്റോ: കാനഡയിലെ എറ്റോബിക്കോയിൽ ഉണ്ടായ വാഹനാപകടത്തിൽ ഊബർ യാത്രക്കാരിയായ യുവതിക്ക് ഗുരുതര പരുക്ക്. കാർ നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ക്വീൻസ്വേയിൽ സൗത്ത് കിങ്സ്വേയ്ക്ക് സമീപം ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.

അപകടസമയത്ത് വാഹനത്തിന്റെ പിൻസീറ്റിൽ യാത്ര ചെയ്തിരുന്ന വനിതാ യാത്രക്കാരിക്കാണ് ഗുരുതരമായി പരുക്കേറ്റത്. എന്നാൽ ഇവരുടെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.അപകടത്തിൽ ഊബർ ഡ്രൈവർക്ക് പരുക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
വാഹനം നിയന്ത്രണം വിട്ട് റോഡിൽ നിന്ന് പുറത്തേക്ക് പോകാൻ കാരണമെന്താണെന്ന് കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. അമിത വേഗത അപകടത്തിന് കാരണമായോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.അപകടത്തെ തുടർന്ന് ക്വീൻസ്വേയിലെ സൗത്ത് കിങ്സ്വേ മുതൽ പാർക്ക് ലോൺ റോഡ് വരെയുള്ള ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
