വാഷിങ്ടൺ: കാനഡയിലെ കാട്ടുതീയിൽ നിന്നുള്ള പുക അമേരിക്കയിലേക്ക് വ്യാപിക്കുന്നതിനെ ചൊല്ലി യുഎസിൽ രാഷ്ട്രീയ വാദപ്രതിവാദം ശക്തമാകുന്നു. കാനഡയ്‌ക്കെതിരെ അധിക തീരുവ ഏർപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഡെമോക്രാറ്റിക് സെനറ്റർ ആദം ഷിഫ് രംഗത്തെത്തി.
ഒന്റാരിയോയിലെ കാട്ടുതീയിൽ നിന്നുള്ള പുക അമേരിക്കയിലെ വിവിധ വടക്കൻ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചതിന് പിന്നാലെയാണ് ട്രംപ് കാനഡയ്‌ക്കെതിരെ വിമർശനം ഉന്നയിച്ചത്. കാനഡയിലെ വനപരിപാലന നടപടികൾ പര്യാപ്തമല്ലെന്നും കാട്ടുതീ തടയുന്നതിൽ “മനഃപൂർവമായ അനാസ്ഥ” ഉണ്ടായെന്നും ആരോപിച്ച ട്രംപ്, ഇതിന്റെ ചെലവ് തീരുവകളിലൂടെ ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
കാനഡ അടിസ്ഥാനപരമായ വനപരിപാലനവും അവശിഷ്ടങ്ങൾ നീക്കം ചെയ്യൽ നടപടികളും സ്വീകരിക്കാൻ വിസമ്മതിച്ചതിനാലാണ് നിലവിലെ സാഹചര്യമുണ്ടായതെന്നാണ് ട്രംപിന്റെ ആരോപണം. കാട്ടുതീ മൂലമുള്ള പുകമലിനീകരണത്തിന്റെ ചെലവ് നിലവിലുള്ള തീരുവകളിൽ ഉൾപ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രംപിന്റെ പ്രസ്താവനയ്‌ക്ക് മറുപടിയായി കാലിഫോർണിയയിൽ നിന്നുള്ള യുഎസ് സെനറ്റർ ആദം ഷിഫ് കാനഡയുടെ മുൻ സഹായങ്ങൾ ഓർമ്മിപ്പിച്ചു.“കാലിഫോർണിയയിൽ മുൻപ് കാട്ടുതീയുണ്ടായപ്പോൾ കാനഡ അഗ്നിശമന സേനാംഗങ്ങളെയും വിമാനങ്ങളെയും സഹായത്തിന് അയച്ചു; അത് അപമാനങ്ങളല്ല,” എന്ന് ഷിഫ് സാമൂഹിക മാധ്യമത്തിലൂടെ പ്രതികരിച്ചു. ഇപ്പോൾ കാനഡയെ ഭീഷണിപ്പെടുത്തുന്നതിന് പകരം മാനുഷിക സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ട്രംപ് അനുകൂലിയായ ഒഹായോയിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ ബെർണി മൊറേനോ (Bernie Moreno) കാനഡയ്‌ക്കെതിരെ കാട്ടുതീ പ്രശ്നത്തിൽ ഉപരോധം ഏർപ്പെടുത്താനുള്ള ബിൽ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്
എന്നാൽ കാനഡയിലെ കാലാവസ്ഥാ നയങ്ങളെക്കുറിച്ചുള്ള വിമർശനങ്ങൾ പ്രധാനമന്ത്രി മാർക്ക് കാർണി തള്ളിക്കളഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നത് എല്ലാ രാജ്യങ്ങളുടെയും ഉത്തരവാദിത്വമാണെന്നും അതിൽ അമേരിക്കയും ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ വിമർശനങ്ങൾ തുടരുന്നതിനിടയിലും ട്രംപ്, കാർണി, മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോം എന്നിവർ ഞായറാഴ്ച നടന്ന ലോകകപ്പ് ഫൈനൽ മത്സരം ഒരുമിച്ച് കാണുകയും ചെയ്തു.
