ടൊറന്റോ: ടൊറോന്റോയില്‍ ഇന്ന് ശക്തമായ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഗ്രേറ്റ് ലേക്‌സ് മേഖലയിലേക്ക് നീങ്ങുന്ന ന്യൂനമര്‍ദ്ദമാണ് ചൊവ്വാഴ്ച ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന മഴയ്ക്കും കാറ്റിനും കാരണമാകുന്നത്. ചൊവ്വാഴ്ച ഉയര്‍ന്ന താപനില 27 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെങ്കിലും ഈര്‍പ്പം മൂലം ഇത് 35 ഡിഗ്രിയായി അനുഭവപ്പെടുമെന്ന് എന്‍വയോണ്‍മെന്റ് കാനഡ വ്യക്തമാക്കി.
അതേസമയം, തെക്കന്‍ ഒന്റാരിയോയുടെ ഭൂരിഭാഗം പ്രദേശങ്ങളെയും മൂടിയ കനത്ത പുകപടലങ്ങള്‍ക്ക് താല്‍ക്കാലിക ശമനമുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ വിദഗ്ദ്ധന്‍ ബില്‍ കോള്‍ട്ടര്‍ അറിയിച്ചു. ചൊവ്വാഴ്ച രാത്രിയോടെ ആകാശം തെളിയുമെന്നും ബുധനാഴ്ച താപനില 20 ഡിഗ്രിയുടെ തുടക്കത്തിലേക്ക് താഴുമെന്നും കോള്‍ട്ടര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ വെയില്‍ തെളിയുന്നതോടെ താപനില വീണ്ടും സാധാരണ നിലയിലേക്ക് എത്തും. വ്യാഴാഴ്ച 26 ഡിഗ്രിയും വെള്ളിയാഴ്ച 28 ഡിഗ്രിയുമായിരിക്കും പ്രതീക്ഷിക്കുന്ന ഉയര്‍ന്ന താപനില.

വാരാന്ത്യത്തില്‍ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ശനിയാഴ്ച 27 ഡിഗ്രി സെല്‍ഷ്യസ് താപനിലയും ഞായറാഴ്ച മഴയ്ക്കുള്ള സാധ്യതയുമാണ് പ്രവചിക്കുന്നത്. വടക്കന്‍ ഒന്റാരിയോയിലെ കാട്ടുതീയും അതിനെത്തുടര്‍ന്നുണ്ടാകുന്ന കാറ്റിന്റെ ഗതിയും വരും ദിവസങ്ങളില്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
